ടൊവിനോ പടത്തിന്റെ പേരിൽ വൻ തട്ടിപ്പ്; ഒരാളിൽ നിന്നും വാങ്ങുന്നത് 2000 രൂപ വരെ, നിയമനടപടിയുമായി ടീം ‘നരിവേട്ട’
ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘നരിവേട്ട’യുടെ പേരിൽ വൻ തട്ടിപ്പ്. ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിൽ നിന്നുള്ള ഏതാനും ചിലർ ആളുകളിൽ നിന്നും പൈസ തട്ടിയെടുക്കുന്നതായി സംവിധായകൻ അനുരാജ് മനോഹർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അനുരാജ് വ്യക്തമാക്കി. നരിവേട്ടയുടെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് നാല്പത് ദിവസത്തിന് മുകളിലായി. അയ്യായിരം മുതൽ ആറായിരം ജൂനിയർ ആർട്ടിസ്റ്റുകൾ ഇതിനോടകം ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞു. നിലവിൽ ആർട്ടിസ്റ്റുകളുടെ ആവശ്യമില്ലെന്നും വേണ്ടവരെ നേരത്തെ തന്നെ കാസ്റ്റിംഗ് കാളൊന്നും ഇല്ലാതെ തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. അനുരാജ് മനോഹറിന്റെ വാക്കുകൾ ഇങ്ങനെ കുറച്ചധികം ജൂനിയർ ആർട്ടിസ്റ്റുകളുള്ള സിനിമയാണ് നരിവേട്ട. സിനിമയുമായി ബന്ധപ്പെട്ട് നിലവിൽ ഞങ്ങൾ കാസ്റ്റിംഗ് കാൾ ഒന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. വയനാട്ടിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ചുരുക്കമായി മാത്രം ഫിലിം ഷൂട്ടിംഗ് നടക്കുന്ന സ്ഥലമായത് കൊണ്ട് തന്നെ ജൂനിയർ ആർട്ടിസ്റ്റുകളെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. നിലവിൽ കോഡിനേറ്ററെ വച്ചാണ് കാസ്റ്റിംഗ് നടത്തിവരുന്നത്. അനസ്, ഫിദ എന്നിവരാണ് ഞങ്ങളുടെ കോഡിനേറ്റേഴ്സ്. ഇവർ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മെസേജ് അയച്ചിട്ടുണ്ട്. ഇത് കണ്ടിട്ടാണ് തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള രണ്ട് മൂന്ന് പേർ ഇങ്ങനെ ഒരു തട്ടിപ്പ് നടത്തുന്നത്. ഇവരെ സമീപിക്കുന്നവരിൽ നിന്നും പണവും തട്ടിയെടുക്കുന്നുണ്ട്. സംവിധായകനോട് സംസാരിച്ച ശേഷം ഒരു കാർഡ് കൊടുക്കുന്നുണ്ട്. ആ കാർഡ് കിട്ടണമെങ്കിൽ 1000, 2000 രൂപയൊക്കെ അയക്കണമെന്ന് ആർട്ടിസ്റ്റുകളോട് ഇവർ ആവശ്യപ്പെടും. ലൊക്കേഷനിൽ എത്തുമ്പോൾ പണം തിരിച്ചു കിട്ടുമെന്നും ഇവർ പറഞ്ഞ് വിശ്വസിപ്പിക്കും. ഞങ്ങൾക്ക് അറിയാവുന്ന കുറച്ച് പേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടു. ലൊക്കേഷനിൽ എത്തിയാൽ പൈസ തിരിച്ചു കിട്ടുമെന്ന് പറഞ്ഞിട്ടും ഒരാൾക്ക് കിട്ടാതായതോടെയാണ് സംഭവം നമ്മുടെ ശ്രദ്ധയിൽ എത്തുന്നത്. അങ്ങനെ ഞങ്ങളുടെ പ്രൊഡക്ഷനിൽ നിന്നുമൊരാൾ ജൂനിയർ ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് തട്ടിപ്പുകാരെ വിളിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൽ നിന്നും ഇവർ 1000 രൂപയും വാങ്ങി. ആ തെളിവ് വച്ച് ഞങ്ങൾ സുൽത്താൻ ബത്തേരി പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു. ഈ തട്ടിപ്പുകാർ കാരണം ഞങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. നിലമ്പൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് കോഡിനേറ്റേഴ്സ് ആർട്ടിസ്റ്റുകളെ കൊണ്ടുവരുന്നത്. ഈ അവസരത്തിൽ ഇങ്ങനെയൊരു തട്ടിപ്പ് കൂടിയാകുമ്പോൾ, 500 പേർ വേണ്ടിടത്ത് 300 പേരെ പോലും കിട്ടുന്നില്ല. ഞങ്ങൾ വലിയ പ്രതിസന്ധിയിലേക്കാണ് പോവുക. ശ്രദ്ധയ്ക്ക്.. 9544199154, 9605025406 എന്നീ നമ്പറുകളിൽ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശങ്ങൾ അയക്കുന്നത്. ആർട്ടിസ്റ്റുകളെ കൺവീൻസ് ചെയ്ത ശേഷം DLXB0000009 എന്ന IFSE കോഡ് വരുന്ന 000900100003336 എന്ന അകൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെടും. ഇത്തരം വ്യാജ സന്ദേശങ്ങളിൽ അകപ്പെടാതെ ജാഗരൂകരായിരിക്കുക.