Site icon Newskerala

തിരുവല്ലയിൽ മിനിലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഡ്രൈവറെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവല്ല (പത്തനംതിട്ട): നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാൽ കുടുങ്ങിയ നിലയിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിശമനസേന എത്തി രക്ഷപ്പെടുത്തി. തിരുവല്ല – നാലുകോടി റോഡിൽ പെരുംതുരുത്തി റെയിൽവേ ഗേറ്റിനു സമീപം തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം . കെ.എസ്.ഇ.ബിയുടെ സാധനസാമഗ്രികൾ കയറ്റിവന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി ഗിരീഷിനെ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് മുൻവശം മുറിച്ചുമാറ്റി പുറത്തെടുക്കുകയായിരുന്നു. നാലുകോടി ഭാഗത്തുനിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടമായി വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല നിലയത്തിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിനുരാജ്, അനിൽകുമാർ, രാംലാൽ, ഷിബിൻ രാജ്, മുകേഷ്, ഷിജു, ആകാശ്, ഹോം ഗാർഡ്മാരായ അനിൽകുമാർ, ലാലു എന്നിവരും ചങ്ങാനാശേരി നിലയത്തിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്‌, റിനു, മനുകുട്ടൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വതിലായിരുന്നു രക്ഷാപ്രവർത്തനം.

Exit mobile version