Site icon Newskerala

മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി(90) അന്തരിച്ചു

കൊച്ചി: മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മോഹൻലാലിന്‍റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ- ശാന്തകുമാരി ദമ്പതികളുടെ മക്കൾ. പൊതുസദസുകളിലും മോഹൻലാൽ എപ്പോഴും അമ്മയെക്കുറിച്ച് പറയാറുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്ക് സുപരിചിതയാണ് ശാന്തകുമാരിയും.ദാദാ സാഹെബ് പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ ലാൽ ആദ്യം കണ്ടത് അമ്മയെയായിരുന്നു. “അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാ​ഗ്യം ഉണ്ടായി, അമ്മയ്ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാൻ എനിക്കും ഭാ​ഗ്യം ഉണ്ടായി. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാൽ മനസിലാവും. എന്നെ അനു​ഗ്രഹിച്ചു, ആ അനു​ഗ്രഹം എനിക്കൊപ്പമുണ്ട്” എന്നാണ് അമ്മയെ കണ്ട ശേഷം മോഹൻലാൽ പറഞ്ഞത്.

Exit mobile version