Site icon Newskerala

സുഹൃത്തുക്കളുടെ സന്ദർശനം എതിർത്തു; മകളും ആൺ സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊന്ന് കെട്ടിത്തൂക്കി

ബം​ഗളൂരു: ക‍ർണാടക ദക്ഷിണ ബെംഗളൂരു ഉത്തരഹള്ളിയിൽ 17 വയസ്സുള്ള പെൺകുട്ടി സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തി. മരണം ആത്മഹത്യയായി വരുത്തിത്തീർക്കാൻ സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയിൽ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്. ഉത്തരഹള്ളിയിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കൊലപാതകശേഷം പെൺകുട്ടി വീട് പൂട്ടി ദിവസങ്ങളോളം മുത്തശ്ശിയുടെ വീട്ടിലേക്ക് മാറിതാമസിച്ചതായും പറയുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. മരിച്ച സ്ത്രീയുടെ സഹോദരി വെള്ളിയാഴ്ച ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സ്ത്രീയുടെ മകളും സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പരാതി. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. എല്ലാവരും സ്കൂൾ പഠനം ഉപേക്ഷിച്ചവരാണ്. മരിച്ച സ്ത്രീ ഒരു ലോൺ റിക്കവറി കമ്പനിയിൽ ടെലികോളറായി ജോലി ചെയ്തു വരികയായിരുന്നു. ഒക്ടോബർ 25 ന് രാത്രി 10.30 നും ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 12 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. അനാവിശ്യമായി സുഹൃത്തുക്കൾ വീട്ടിൽ വരുന്നതിന് പൊലീസിനെ വിളിക്കും എന്ന് പറഞ്ഞതാണ് പ്രകോപനകാരണമായി പറയുന്നത്. തുടർന്ന് കൊന്ന് കെട്ടിതൂക്കുകയായിരുന്നു. മകളുടെ വിശദമായ മൊഴി എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതായും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version