തൃശൂർ: സ്വകാര്യ ബസ് സമയ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും 3.1 ലക്ഷം രൂപ പിഴയും. 2010 ജൂലൈ നാലിന് വൈകീട്ട് 7.45ന് നടന്ന റിജു കൊലക്കേസിലാണ് രണ്ടാം പ്രതി മാന്ദാമംഗലം വെട്ടിക്കുഴിച്ചാലിൽ കുഞ്ഞുമോൻ (36), ആറാം പ്രതി മരോട്ടിച്ചാൽ ഇഞ്ചിപറമ്പിൽ പ്രകാശൻ (38), ഏഴാം പ്രതി മരോട്ടിച്ചാൽ കല്ലിങ്ങൽ അനൂപ് (39) എന്നിവരെ തൃശൂർ ഒന്നാം അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി കെ. കമനിസ് ശിക്ഷിച്ചത്. ബസ് സമയത്തെ ചൊല്ലിയ തർക്കത്തെ തുടർന്ന് ഉടമ മരോട്ടിച്ചാൽ മന്തിരിക്കൽ വീട്ടിൽ ബിജുവിനെയും (37) സഹോദരൻ റിജുവിനെയും (34) ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ റിജു കൊല്ലപ്പെട്ടു. 302ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും 307ാം വകുപ്പ് പ്രകാരം ഏഴുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 323ാം വകുപ്പ് പ്രകാരം നാല് മാസം കഠിനതടവും 324ാം വകുപ്പ് പ്രകാരം രണ്ട് വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കാത്ത പക്ഷം കൂടുതൽ തടവ് അനുഭവിക്കണം. അടക്കുന്ന പിഴത്തുക മരിച്ച റിജുവിന്റെ അവകാശികൾക്കും ബിജുവിനുമായി നൽകണം. കൊല്ലപ്പെട്ട റിജുവിന്റെ സഹോദരൻ ബിജുവിന്റെ ബസ് തല്ലിപ്പൊളിച്ചതിനെത്തുടർന്ന് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ ഒന്നാം പ്രതി കീടായി ബൈജുവിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. എസ്.ഐയായിരുന്ന എൻ.എസ്. സലീഷ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ എം.കെ. കൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. വിചാരണ തുടങ്ങുംമുമ്പേ ഒന്നാം പ്രതി ബൈജുവും വിചാരണമധ്യേ നാലാം പ്രതി ആന്റണിയും മരിച്ചു. ഒളിവിൽ പോയ മൂന്നാം പ്രതി പുളിഞ്ചോട് തയ്യിൽ അനൂപിനെയും ഗുരുതരാവസ്ഥയിൽ കഴിയുന്ന അഞ്ചാം പ്രതി മാന്ദാമംഗലം പള്ളിക്കുന്ന് മോനായിയെയും മാറ്റിനിർത്തിയാണ് രണ്ട്, ആറ്, ഏഴ് പ്രതികളെ ശിക്ഷിച്ചത്. അനൂപിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 27 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകളും 18 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. കെ.പി. അജയ്കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.


