‘
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ടോയ്‌ലറ്റ് വിൽപ്പനക്ക്.101.2 കിലോഗ്രാം(223 പൗണ്ട്) സ്വർണം കൊണ്ടാണ് ‘അമേരിക്ക’ എന്ന പേരിലുള്ള സ്വർണത്തിന്റെ ടോയ്‌ലറ്റ് നിർമിച്ചിരിക്കുന്നത്. ഏകദേശം 10 മില്യൻ ഡോളറാണ് ഇതിന്റെ വിലയായി കണക്കാക്കുന്നത്.ഇറ്റലി സ്വദേശിയായ പ്രശസ്ത ആർട്ടിസ്റ്റ് മൗരിസിയോ കാറ്റലനാണ് സ്വർണ ടോയ്‌ലറ്റ് നിർമിച്ചത്. രണ്ട് ‘അമേരിക്ക’ ടോയലറ്റാണ് ഇദ്ദേഹം സൃഷ്ടിച്ചത്. ഇതിൽ ഒന്ന് 2019 ൽ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്ന് മോഷണം പോയതിന് പിന്നാലെയാണ് ലോക പ്രശസ്തി നേടിയത്. വിൻസ്റ്റൺ ചർച്ചലിന്റെ ജന്മസ്ഥലമായ യുകെയിലെ ബ്ലെൻഹോം കൊട്ടാരത്തിൽ പ്രദർശനത്തിന് വെച്ച് ദിവസങ്ങൾക്കുളഅളിലാണ് ഇത് മോഷണം പോയത്. മോഷണം നടത്തിയതിന് പിന്നാലെ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മോഷണം പോയ ടോയ്‌ലറ്റ് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.മോഷ്ടാക്കൾ അത് ഉരുക്കിയെടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടാമത്തെ സ്വർണ ടോയ്‌ലറ്റാണ് ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. 2017 മുതൽ പേരുവെളിപ്പെടുത്താത്ത ഒരാളുടെ ഉടമസ്ഥയിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ആർട്ട് വർക്കായി നിർമിച്ചതാണെങ്കിലും പൂർണമായി പ്രവർത്തിക്കുന്ന നിലയിലാണ് ടോയ്‌ലറ്റ്. ബ്ലെൻഹൈം കൊട്ടാരത്തിൽ പ്രദർശിപ്പിച്ചപ്പോൾ സന്ദർശകർക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാനും അനുമതി നൽകിയിരുന്നു. നവംബർ 8 മുതൽ ലേലം വരെ സോത്ത്ബിയുടെ പുതിയ ന്യൂയോർക്ക് ആസ്ഥാനമായ ബ്രൂവർ ബിൽഡിംഗിൽ ‘അമേരിക്ക’ പ്രദർശിപ്പിക്കും. കുളിമുറിയിലായിരിക്കും ഇത് പ്രദർശിപ്പിക്കുന്നത്. എന്നാൽ ഇത്തവണ സന്ദർശകർക്ക് കാണാൻ മാത്രമേ സാധിക്കൂ. ഉപയോഗിക്കാനായി സാധിക്കില്ല.’അമേരിക്ക’ അമിതമായ സമ്പത്തിനെ പരിഹസിക്കുന്നുവെന്നാണ് കലാസൃഷ്ടിയെക്കുറിച്ച് കലാകാരൻ മൗരിസിയോ കാറ്റലന്‍ ഒരിക്കല്‍ പറഞ്ഞത്.


