ന്യൂഡൽഹി: ഇന്ത്യന്‍ പൗരൻമാരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. പല കാര്യങ്ങൾക്കും ആധാർ നിർബന്ധമാണ്. ഇപ്പോഴിതാ ആധാര്‍ വെരിഫിക്കേഷനില്‍ പുതിയ മാറ്റവുമായി എത്തിയിരിക്കുകയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കുട്ടികളുടെ ആധാറിന്‍റെ നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റിനുള്ള എല്ലാ സേവനം ഇനി സൗജന്യമായിരിക്കും. ഫീസ് ഇളവ് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഒരു വർഷത്തേക്കാണ് ഫീസ് ഈടാക്കുന്നത് നിർത്തിയത്.
അഞ്ച് വയസ് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്കുള്ള ബയോമെട്രിക്ക് അപ്‌ഡേറ്റിനായി ഇനിമുതൽ തുക ഈടാക്കേണ്ട എന്നാണ് യുഐഡിഎഐയുടെ തീരുമാനം. ഇതിലൂടെ ആറ് കോടി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അഞ്ച് വയസ് തികഞ്ഞതിന് ശേഷം കുട്ടികളുടെ വിരലടയാളം, ഐറിസ്, ഫോട്ടോ എന്നിവ ആധാറിൽ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. ഇതുകൂടാതെ 15-17 വയസിനിടയില്‍ രണ്ടാമത്തെ അപ്‌ഡേറ്റും നടത്തേണ്ടതുണ്ട്. അഞ്ച്– ഏഴ് വയസിനിടയിലും 15– 17 വയസ്സിനിടയിലും ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് ഫീസില്ല.അതിനുശേഷം, ഓരോ എംബിയുവിനും 125 രൂപ ഫീസ് ഈടാക്കും.
കുട്ടികള്‍ക്ക് ആധാർ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. സ്‌കൂൾ അഡ്‌മിഷന്‍ , പ്രവേശന പരീക്ഷ റെജിസ്‌ട്രേഷന്‍ തുടങ്ങിയവയ്ക്ക് ആധാർ നിർബന്ധമാണ്.
