CrimeKerala

ഓൺലൈൻ തട്ടിപ്പ്; ചേർത്തലയിൽ ദമ്പതികൾക്ക് നഷ്ടമായത് 7.65 കോടി രൂപ; പ്രതി പിടിയിൽ


ആലപ്പുഴ: ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. രാജസ്ഥാനിലെ പാലി സ്വദേശി നിർമൽ ജെയിൻ ആണ് അറസ്റ്റിലായത്. രാജസ്ഥാനിൽ നിന്ന് പിടികൂടിയ പ്രതിയെ ആലപ്പുഴയിൽ എത്തിച്ചു. ചേർത്തലയിലെ ഡോക്ടർ ദമ്പതിമാർക്ക് ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിലൂടെയാണ് 7.65 കോടി നഷ്ടപ്പെട്ടത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ഭഗവാൻ റാമിനെ കഴിഞ്ഞ മാസം അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഭഗവാന്റെ അറസ്റ്റിന് ശേഷം നിർമ്മൽ ജയിൻ ഫോണുകളെല്ലാം ഉപേക്ഷിച്ച് ഒളിവിൽ കഴിയുകയായിരുന്നു. ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് പാലി ജില്ലയിലെ ജോജാവാർ എന്ന സ്ഥലത്തെ ഒളിസങ്കേതത്തിൽ നിന്നും പ്രതിയെ അന്വേഷണ സംഘം കണ്ടെത്തിയത്. 2022 മുതൽ ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ഇയാൾ ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് പൊലീസ് പറയുന്നു. പത്തോളം ബാങ്കുകളിൽ അക്കൗണ്ടുകളുള്ളതായും ക്രിപ്റ്റോ വാലറ്റുകളുള്ളതായും ബാങ്കുകളുടെ പേരിൽ നിരവധി വ്യാജ ഇ-മെയിൽ ഐ.ഡി. ഉണ്ടാക്കിയിട്ടുള്ളതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസഘത്തിന്റെ പ്രതീക്ഷ. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button