കട്ടപ്പന: ഓൺലൈൻ ടാസ്കിന്റെ പേരിൽ കാഞ്ചിയാർ സ്വദേശിയിൽനിന്ന് 6.5 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി ഒരുവർഷത്തിന് ശേഷം അറസ്റ്റിൽ. മലപ്പുറം കിഴാറ്റൂർ കോലോത്തോടി വീട്ടിൽ പ്രണവ് ശങ്കറാണ് (22) അറസ്റ്റിലായത്. ഓൺലൈൻ ടാസ്ക് പൂർത്തിയാക്കാൻ കമീഷൻ നൽകാമെന്ന് പറഞ്ഞ് പല തവണകളിലായി 6.5 ലക്ഷത്തോളം രൂപ കാഞ്ചിയാർ സ്വദേശി റിനോയ് സെബാസ്റ്റ്യന്റെ അക്കൗണ്ടിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ പരാതിക്കാരന്റെ വിശ്വാസം നേടിയ ശേഷം വാഗ്ദാനം ചെയ്ത കമീഷനോ മുടക്കിയ പണമോ തിരികെ നൽകാതെ കബളിപ്പിക്കുകയായിരുന്നു. റിനോയിയുടെ അക്കൗണ്ടിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലെ ഏഴ് അക്കൗണ്ടുകളിലേക്കാണ് പണം പോയത്. കട്ടപ്പന ഡിവൈ.എസ്.പി വി. എ. നിഷാദ് മോന് റിനോയി നൽകിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശപ്രകാരം കട്ടപ്പന സി.ഐ ടി.സി. മുരുകന്റെ നേതൃത്വത്തിൽ എ.എസ്.ഐ സതീഷ് കുമാർ, സി.പി.ഒ ആർ. ഗണേഷ് എന്നിവരുടെ സംഘം രാജസ്ഥാൻ, അസം, ഝാർഖണ്ഡ്, വെസ്റ്റ്ബംഗാൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും അക്കൗണ്ട് ഉടമകളെ കണ്ടെത്താനായില്ല. തുടർന്ന് ഇതിൽ പണം കൈപ്പറ്റിയ ഓൺലൈൻ ടാസ്ക് ലെയർ ഒന്നിലെ അക്കൗണ്ട് ഹോൾഡറായ പ്രണവ് ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറം പാണ്ടിക്കാട്ടുനിന്നാണ് കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.


