Site icon Newskerala

കപില്‍ ദേവും ധോണിയും മാത്രം; മൂന്നാം അങ്കത്തില്‍ ഇന്ത്യയുടെ മൂന്നാമനാവാന്‍ ഹര്‍മന്‍

ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ കലാശപ്പോരിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെയാണ് (നവംബര്‍ 2) ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഫൈനലില്‍ ഏറ്റുമുട്ടുക. നവി മുംബൈയിലെ ഡി. വൈ പാട്ടീല്‍ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.
കന്നി കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും അവസാന അങ്കത്തിന് ഒരുങ്ങുന്നത്. ആദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. അതിനാല്‍ തന്നെ ഏറെ സ്‌പെഷ്യലായി കിരീടം ഉയര്‍ത്തുകയാണ് പ്രോട്ടിയാസിന്റെ ലക്ഷ്യം.

അതേസമയം, മൂന്നാം വട്ടമാണ് ഇന്ത്യന്‍ വനിതകള്‍ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് തവണത്തെയും കണ്ണീരുണക്കുക എന്ന ലക്ഷ്യമാണ് ഈ വര്‍ഷം ഇന്ത്യക്ക് മുമ്പിലുള്ളത്. സ്വന്തം നാട്ടില്‍ തന്നെ ചാമ്പ്യന്‍പട്ടം സ്വന്തമാക്കാനായാല്‍ കിരീടധാരണത്തിന്റെ മാറ്റ് കൂടും. ആ ഒരു നിമിഷത്തിനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്നത്.

ഒപ്പം, മൂന്നാമതൊരു ഏകദിന ലോകകപ്പ് കൂടി ഇന്ത്യയിലേക്ക് എത്തുമോ എന്നതും ക്രിക്കറ്റ് ലോകം വീക്ഷിക്കുന്നുണ്ട്. ഇന്ത്യയെ 50 ഓവര്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാകുമോ എന്നതും ആവേശം ജനിപ്പിക്കുന്നതാണ്.
ഇന്ത്യയുടെ പുരുഷ – വനിതാ ടീമുകള്‍ ഒന്നിച്ച് ഇതിന് മുമ്പ് ആറ് തവണ ഏകദിന ലോകകപ്പ് ഫൈനലില്‍ മാറ്റുരച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യന്‍ സംഘത്തിന് കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യമുണ്ടായത്. 1983ലും 2017ലുമായിരുന്നു ഈ സ്വപ്‌ന നേട്ടങ്ങള്‍.

ആദ്യം കപില്‍ ദേവിന് കീഴില്‍ കിരീടം ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ എം.എസ്.ധോണിയുടെ ടീമുമായിരുന്നു രണ്ടാം വട്ടം ഇന്ത്യയെ ജേതാക്കളാക്കിയത്. ബാക്കി എല്ലാ ക്യാപ്റ്റന്മാര്‍ക്കും ഫൈനലില്‍ കാലിടറി.
ഇപ്പോള്‍ കിരീടമുയര്‍ത്തി കപില്‍ ദേവും ധോണിയുമുള്ള എലീറ്റ് പട്ടികയില്‍ ഇടം നേടാനുള്ള സുവര്‍ണാവസരമാണ് ഹര്‍മന് മുന്നിലുള്ളത്. ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച മൂന്നാമത്തെ മാത്രം ക്യാപ്റ്റന്‍ എന്ന പൊന്‍തൂവലാണ് താരത്തിന്റെ ക്യാപ്റ്റന്‍സി കരിയറില്‍ എഴുതി ചേര്‍ക്കാന്‍ കഴിയുക.
ഇന്ത്യ ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കളിച്ച വര്‍ഷങ്ങള്‍
(വര്‍ഷം – ക്യാപ്റ്റന്‍ – ഫലം എന്നീ ക്രമത്തില്‍)
1983 – കപില്‍ ദേവ് – ജയം
2003 – സൗരവ് ഗാംഗുലി – തോല്‍വി
2005 – മിതാലി രാജ് – തോല്‍വി
2011 – എം.എസ്. ധോണി – ജയം
2017 – മിതാലി രാജ് – തോല്‍വി
2023 – രോഹിത് ശര്‍മ – തോല്‍വി

Exit mobile version