കോഴിക്കോട്: പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിരവധി അട്ടിമറി ശ്രമങ്ങളെ അതിജീവിച്ചാണ് പാലത്തായി കേസിൽ ഇരയ്ക്ക് നീതി കിട്ടിയിരിക്കുന്നത്. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ.പത്മരാജനെ സംരക്ഷിക്കുന്ന നിലപാടാണ് പലസമയങ്ങളിലും പൊലീസ് സ്വീകരിച്ചത്. ബിജെപി നേതാവായ പ്രതിയെ പൊലീസ് പലഘട്ടങ്ങളിലും രക്ഷിക്കാൻ ശ്രമിച്ചു. എസ്എച്ച്ഒ മുതൽ ക്രൈം ബ്രാഞ്ച് ഐജിവരെ ബിജെപി ആഖ്യാനങ്ങൾ പ്രചരിപ്പിക്കാനും പ്രതിയെ രക്ഷിക്കാനും ഇടപെട്ടു. പത്മരാജൻ പീഡിപ്പിച്ചതായി പെൺകുട്ടി ചൈൽഡ് ലൈനിൽ മൊഴി നൽകിയത് 2020 മാർച്ച് 17നാണ്. പീഡന തിയതി ഓർമയില്ലെന്ന് പറഞ്ഞതോടെ കേസ് അട്ടിമറിക്കാനുള്ള നീക്കം പൊലീസിൽ ഒരു വിഭാഗം തകൃതിയാക്കി. പൊലീസിലെ ആർഎസ്എസ്-ബിജെപി സ്വാധീനമാണ് പിന്നീട് കണ്ടത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പാനൂർ എസ്എച്ച്ഒ ടി.പി ശ്രീജിത്ത് ആണ് പ്രതിക്ക് അനുകൂലമായി ആദ്യം ഇടപെടൽ നടത്തിയത്. പ്രതി സ്‌കൂളിൽ ലീവായിരുന്ന ദിവസം പീഡന തീയതിയാക്കി എഫ്‌ഐആറിൽ രേഖപ്പെടുത്തി.പൊലീസ് പറഞ്ഞ തീയതിയാണ് പീന്നീട് കുട്ടി കൗൺസലർമാരോടും ഡോക്ടറോടും നൽകിയ മൊഴി. ദുർബല വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചതോടെ 90ാം ദിവസം പ്രതി ജാമ്യത്തിലിറങ്ങി. ഇതോടെ കുട്ടിയുടെ മാതാവ് ഹൈകോടതിയെ സമീപിച്ചു. കുട്ടിയുടെ രഹസ്യമൊഴി കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്ത് വെളിപ്പെടുത്തിയതും വിവാദമായി. എസ്.ശ്രീജിത്തിന്റെ ഫോൺ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. കേസിനെ കുറിച്ച് ചോദിച്ച് വിളിച്ച ആളോട് നിങ്ങൾ കേസിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് ശ്രീജിത്ത് സംസാരിച്ച് തുടങ്ങുന്നത്.രഹസ്യമൊഴിയിൽ പറഞ്ഞ തിയതി പരാമർശിച്ച് സംഭവം നടക്കുമ്പോൾ പ്രതി നാട്ടിലില്ലെന്ന് ശ്രീജിത്ത് ന്യായീകരിക്കാനും ശ്രമിച്ചു. 2020 ഒക്ടോബര്‍ 20നാണ് പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. രണ്ടാഴ്ച്ചയ്ക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പഴയ അന്വേഷണ സംഘത്തിലെ ആരും പുതിയ അന്വേഷണ സംഘത്തില്‍ വേണ്ടെന്നും കോടതി പറഞ്ഞു. പ്രതിക്കെതിരെ പോക്സോ ചുമത്തി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.കെ രത്നാകരനാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മുൻ വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞതും ചർച്ചയായിട്ടുണ്ട്.’വനിതാ കമ്മീഷന് കുട്ടികളുടെ കേസ് എടുക്കാൻ അധികാരമില്ല. 18 വയസിന് മുകളിലുള്ള സ്ത്രീകൾക്കെതിരായ കുറ്റക്യതങ്ങൾ മാത്രമാണ് വനിതാ കമ്മീഷന്റെ അധികാരപരിധിയിലുള്ളത്. കുട്ടികളുടെ കേസ് സിഡബ്ല്യൂസി(ചൈൽഡ് വെൽഫയർ കമ്മിറ്റി)യാണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി എടപ്പാൾ തിയേറ്റർ പീഡന കേസിൽ വനിതാകമ്മീഷൻ ഇടപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പത്രമാധ്യമങ്ങൾ മുഴുവൻ തൻറെ മേൽ സമ്മർദ്ദം ചെലുത്തിയപ്പോൾ എടപ്പാൾ തിയേറ്ററിൽ പോയി സിസിടിവി പരിശോധിക്കുകയും കുട്ടിയുടെ അമ്മ കൂടി ഇരുന്നിട്ടാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന് മനസ്സിലാവുകയും ചെയ്തു.ആ കേസിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പൊലീസിനെ കൊണ്ട് അവരെ അറസ്റ്റ് ചെയ്യാൻ ഏർപ്പാട് ചെയ്തു.വനിതാ കമ്മീഷൻ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല’ എന്നായിരുന്നു എംസി ജോസഫൈന്റെ നിലപാട്.


