ബിലാസ്പുർ: ഛത്തീസ്ഗഢിലെ ബിലാസ്പുരിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. ബിലാസ്പുർ – കട്നി സെക്ഷനിൽ കോർബ പാസഞ്ചർ ട്രെയിൻ, ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പല ബോഗികളും ഗുഡ്സ് ട്രെയിനിനു മീതെ കയറിയ നിലയിലാണുള്ളത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. സിഗ്നൽ സംവിധാനമുൾപ്പെടെ തകരാറിലായതോടെ, ഈ റൂട്ടിലുള്ള ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. റെയിൽവേ ദ്രുതപ്രതികരണ സംഘം, റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അടിയന്തര വൈദ്യസംഘവും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പല ട്രെയിനുകളും റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്. അപകട കാരണം അന്വേഷിച്ച് വരികയാണെന്നും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.


