Site icon Newskerala

അമീബിക് മസ്തിഷ്കജ്വരമല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്: മരിച്ച കുട്ടിയുടെ കുടുംബം കോടതിയിൽ പരാതി നൽകി

കോഴിക്കോട്: താമരശ്ശേരിയിലെ ഒൻപതുവയസുകാരിയുടെ മരണത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. ഇന്ന് ജില്ലാ കോടതിയിൽ പരാതി നൽകി. കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം അല്ലെന്ന് ഇന്നലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിനെതിരെയാണ് കുടുംബം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കുട്ടി നടന്നാണ് ആശുപത്രിയിലേക്ക് വന്നതെന്നും എന്നാൽ അധികൃതർ കുട്ടിയെ ശ്രദ്ധിച്ചില്ലെന്നും കോഴിക്കോട് മെഡി. കോളജിലേക്ക് റഫർ ചെയ്യാൻ വൈകിയെന്നും പിതാവിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ കുട്ടി മരിച്ചിരുന്നു. അതേസമയം, താമരശ്ശേരി താലൂക്ക് ആശുപത്രിയിലേ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ കുട്ടിയുടെ പിതാവ് സനൂപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സനൂപിനെ അൽപസമയത്തിനകം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെ തെളിവെടുപ്പ് നടത്തും. ശേഷം വീണ്ടും കോടതിയിൽ ഹാജരാക്കും. കുട്ടിയുടെ മരണത്തിന് പിന്നാലെയാണ് പിതാവ് സനൂപ് ഡോക്ടറെ വെട്ടിയത്. കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരമല്ലെന്നും ഡോക്ടർമാരുടെ അനാസ്ഥയാണ് രോഗം മൂർച്ഛിക്കാൻ കാരണമെന്നും ആരോപിച്ചായിരുന്നു ആക്രമണം. ഈ കേസിൽ സനൂപ് ജയിലിൽ കഴിയുന്നതിനിടെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. ഒമ്പത് വയസുകാരി അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് രേഖപ്പെടുത്തിയിരുന്നത്.

Exit mobile version