കോഴിക്കോട്: പങ്കാളിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോടഞ്ചേരി പെരുവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാൻ (28)നെയാണ് കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്.സംശയത്തെ തുടർന്നാണ് യുവതിയോട് കൊടും ക്രൂരത ചെയ്തത്. നാല് ദിവസത്തോളമായി യുവതിയെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവാവ് പുറത്തുപോയ സമയത്താണ് യുവതി പുറത്തിറങ്ങി അയൽവാസികളോട് വിവരം പറഞ്ഞത്.കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ ഒരുമിച്ചാണ് താമസിക്കുന്നത്. ഷാഹിദിന്റെ മാതാവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാതാവിനെ സഹോദരിയുടെ വീട്ടിലേക്ക് അയച്ചിരുന്നു. യുവതിക്ക് രണ്ട് ഫോണുണ്ടെന്നും രണ്ടാമത്തെ ഫോണിലൂടെ മറ്റൊരാളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആരോപിച്ചാണ് ഷാഹിദ് ക്രൂരമർദനം നടത്തിയത്.

