‘
കൊച്ചി: ശബരിമല സ്വർണകൊള്ളയിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊള്ള നടന്നെന്ന് അറിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കാനാണ് സി.പി.എം നേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിന് കേരളം ശക്തമായ തിരിച്ചടി നല്‍കുമെന്നും സതീശൻ പറഞ്ഞു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എ.പത്മകുമാറിനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ക്ഷേത്രം കൊള്ളയടിച്ച സി.പി.എം നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് ഇപ്പോള്‍ കാണുന്നതെന്ന് പരിഹസിച്ച വി.ഡി.സതീശൻ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും പോകണമെന്നും പറഞ്ഞു. ‘ഏതോ ഒരു പോറ്റിയാണ് പ്രശ്‌നമെന്നാണ് ആദ്യം പറഞ്ഞത്. ആ പോറ്റിയുടെ നേതൃത്വത്തിലും ഇത്രയും വലിയ കൊള്ള നടന്നിട്ടും അത് മറച്ചുവക്കുകയായിരുന്നെന്ന് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ടാണ് പോറ്റിക്കെതിരെ ദേവസ്വവും സര്‍ക്കാരും കേസ് നല്‍കാതിരുന്നതെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല. പോറ്റി കുടുങ്ങിയാല്‍ സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും അറിയാമായിരുന്നു.’-സതീശൻ പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കൊള്ള ചെയ്ത സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദന് മാത്രമെ കാണൂവെന്നും രക്ഷിക്കാന്‍ ഇനിയും ശ്രമം നടത്തുമെന്നാണ് ത്മകുമാര്‍ കുറ്റാരോപിതന്‍ മാത്രമാണെന്ന് ഗോവിന്ദന്‍ പറയുന്നതിന്റെ അര്‍ത്ഥമെന്നും സതീശൻ പറഞ്ഞു. ‘കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയെ കുറിച്ച് കടകംപള്ളി സുരേന്ദ്രന്‍ നല്ല അഭിപ്രായം മറഞ്ഞത് പത്രങ്ങളില്‍ അടിച്ചു വന്നിട്ടുണ്ട്. എസ്.ഐ.ടി അറസ്റ്റു ചെയ്ത ശേഷവും എന്‍ വാസു മികച്ച ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് കടകംപള്ളി ന്യായീകരിച്ചത്. വാസു തനിക്കെതിരെ മൊഴി കൊടുക്കുമെന്ന് പേടിച്ചാണ് കടകംപള്ളി വാസു വലിയ സംഭവമാണെന്നു പറഞ്ഞത്. എല്ലാം അറിഞ്ഞിട്ടും വീണ്ടും കൊള്ള നടത്താനാണ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത്. അത് ഇപ്പോഴത്തെ മന്ത്രി വാസവന്റെ അറിവോടെയായിരുന്നു. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം വരെ കൊള്ളയടിക്കുമായിരുന്നു. അയ്യപ്പ വിഗ്രഹം പോലും കൊള്ളയടിക്കുന്നവരായി സര്‍ക്കാര്‍ മാറി. അയ്യപ്പന്റെ സ്വര്‍ണം ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്? ഒരു മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ടവര്‍ ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ഇക്കാര്യത്തില്‍ ഭരണ നേതൃത്വം മറുപടി പറയണം.കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം പോകണം. പ്രതിപക്ഷം പറഞ്ഞതെല്ലാം ഹൈക്കോടതി വിധിയിലുണ്ട്. ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്‍പം വിറ്റതെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതിന് കടകംപള്ളി എനിക്കെതിരെ കേസ് കൊടുത്തു. ഇതു തന്നെയാണ് കോടതിയും പറഞ്ഞത്. ‘-പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.


