BusinessSpot light

ഭക്ഷണത്തിന് അനുവദിച്ച ക്രഡിറ്റ് കാർഡുപയോഗിച്ച് സോപ്പും പേസ്റ്റും വൈനും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

ദില്ലി: ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചർ ദുരുപയോഗം ചെയ്തുവെന്ന പേരിൽ ജീവനക്കാരെ പുറത്താക്കി മെറ്റ. 24 ജീവനക്കാരെയാണ് മെറ്റ ഇതിന്റെ പേരിൽ പുറത്താക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുറത്താക്കപ്പെട്ടവരുടെ കൂട്ടത്തിൽ മൂന്നരക്കോടി രൂപയോളം വാർഷിക വരുമാനമുള്ള ജീവനക്കാരും ഉൾപ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 25 ഡോളറിന്റെ (2,101 രൂപ) വൗച്ചർ ദുരുപയോഗം ചെയ്തതിനാണ് ലോസ് ആഞ്ചലീസിലുള്ള ഓഫീസിലെ ജീവനക്കാരെ കമ്പനി പുറത്താക്കിയത്. മാർക്ക് സക്കർബർഗിന്റെ മെറ്റയുടെ വലിയ ഓഫീസുകളിൽ ജീവനക്കാർ‌ക്ക് സൗജന്യമായി ഭക്ഷണം നല്കുന്നുണ്ട്. കാന്റീനില്ലാത്ത ഓഫീസുകളിലാണ് ഗ്രബ്ഹബ്ബ്, യൂബർ ഈറ്റ്സ് മുതലായ ആപ്പുകളിലൂടെ ഭക്ഷണം വാങ്ങുന്നതിനായി വൗച്ചറുകൾ അനുവദിക്കുന്നത്. ജോലി സമയത്തെ പ്രഭാതഭക്ഷണത്തിന് 20 ഡോളറും ഉച്ചഭക്ഷണത്തിന് 25 ഡോളറും അത്താഴത്തിന് 25 ഡോളറുമാണ് കമ്പനി ജീവനക്കാർക്കായി നല്കിവരുന്നത്. എന്നാൽ ഈ ഭക്ഷണത്തിന് പകരമായി ടൂത്ത്പേസ്റ്റ്, വൈൻ, സോപ്പ് മുതലായവ വാങ്ങാനായി ജീവനക്കാർ വൗച്ചർ ദുരുപയോഗം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ ജോലിക്കെത്താത്ത സമയത്ത് ഇവരിൽ പലരും വീട്ടിലേയ്ക്ക് ഭക്ഷണം വരുത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണത്തിന് ഒടുവിലാണ് മെറ്റ പുറത്താക്കൽ നടപടികൾ തുടങ്ങിയത്.  കൂടാതെ ഭക്ഷണത്തിൻ്റെ വൗച്ചറിൽ ഗുരുതരമല്ലാത്ത തിരിമറി കാണിച്ച ചില ജീവനക്കാരെ പുറത്താക്കാതെ തന്നെ താക്കീത് നൽകി ക്ഷമിച്ചുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മെറ്റയിൽ അടുത്ത റൗണ്ട് കൂട്ടപ്പിരിച്ചുവിടൽ ആരംഭിച്ചിട്ടുണ്ട്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ജീവനക്കാരെയാണ് നിലവിൽ പിരിച്ചുവിടുന്നത്. എത്രപേരെയാണ് മെറ്റ പുറത്താക്കാൻ ഉദ്ദേശിക്കുന്നതെന്നതിൽ വ്യക്തതയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button