ബംഗളൂരു: മൈസൂരുവിൽ ദസറ ആഘോഷത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പത്തുവയസ്സുകാരിയെ പ്രതി കാർത്തിക് കത്തികൊണ്ട് 19 തവണ കുത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പ്രതിയെ പൊലീസ് കാലിന് വെടിവെച്ച് കീഴ്പ്പെടുത്തിയത്.സംഭവത്തെ അപലപിച്ച് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷനും ഓൾ ഇന്ത്യ മഹിള സംസ്‌കൃതിക സംഘടനയും പഴയ ഡെപ്യൂട്ടി കമീഷണർ ഓഫിസിന് സമീപം സംയുക്ത പ്രകടനം നടത്തി. ‘സ്ത്രീകളെ ദൈവമായി ആരാധിച്ചുകൊണ്ടാണ് മൈസൂരു ദസറ ആഘോഷിച്ചത്. അതേസമയം, ബലൂണുകൾ വിൽക്കാൻ കലബുറഗിയിൽനിന്ന് മൈസൂരുവിലെത്തിയ 10 വയസ്സുകാരിയെ ഈ നഗരത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് വേദനാജനകമാണെന്ന്’ ഓൾ ഇന്ത്യ മഹിള സംസ്‌കൃതിക സംഘടന ജില്ല വൈസ് പ്രസിഡന്റ് സീമ പറഞ്ഞു. കർണാടക രാജ്യ റൈത്ത സംഘ (കെ.ആർ.ആർ.എസ്) അംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി നിതിൻ, കർഷക നേതാവ് മാരണയ്യ, സാമൂഹിക പ്രവർത്തകൻ ഉഗ്രനരസിംഹഗൗഡ തുടങ്ങിയവർ പങ്കെടുത്തു.
