Site icon Newskerala

ബലാത്സംഗം കേസ്:ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും… മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല’; എംവി ഗോവിന്ദൻ

ബലാത്സംഗ കേസിലെ കോടതിവിധിക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതാണെന്നും അതിൽ താൻ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതേസമയം സിപിഎം എംഎൽഎ മുകേഷ് വിഷയത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കുമെന്നായിരുന്നു എംവി ഗോവിന്ദന്റെ ചോദ്യം.
‘രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതാണ്. അതിൽ താൻ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല. രാഹുലിനെതിരെ ഇനിയും പരാതികൾ വരും. നിരവധി പരാതികൾ രാഹുലിനെതിരെ കിട്ടിയെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. 9 അതിജീവിതമാരുടെ പരാതികൾ KPCC യ്ക്ക് കിട്ടിയെന്നാണ് അറിഞ്ഞത്. രാഹുൽ ലോകത്തിൻ്റെ ഏത് ഭാഗത്ത് പോയാലും പൊലീസ് പിടിക്കും. ഇതുവരെ പിടി കൂടാതിരുന്നത് കോൺഗ്രസ് സംരക്ഷണയിലായിരുന്നതിനാലാണ് ഇനിയും സംരക്ഷണം ലഭിച്ചാൽ പിടികൂടാൻ കുറച്ചു കൂടി താമസിക്കുമായിരിക്കും’- എം വി ഗോവിന്ദൻ പറഞ്ഞു.
മുകേഷിനെതിരായ ആരോപണങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾക്ക് മുകേഷ് സിപിഐഎമ്മിന്റെ അംഗമോ ഒരു ബ്രാഞ്ച് മെമ്പർ പോലുമല്ല അങ്ങിനെയുള്ള ഒരാൾക്കെതിരെ എങ്ങനെ നടപടിയെടുക്കുമെന്നായിരുന്നു എം വി ഗോവിന്ദൻ മറുപടി പറഞ്ഞത്. കോടതിയുടെ പരിഗണനയിലാണ് മുകേഷിനെതിരായ കേസ്, മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല. മുകേഷ് വിഷയത്തിൽ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Exit mobile version