Site icon Newskerala

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കും. രാഹുലിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിർണായകമാണ്. എന്നാൽ രാഹുലിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റൽ തെളിവുകളടക്കം അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. ബലാത്സം​ഗം, യുവതിയെ അശാസ്ത്രീയ രീതിയിൽ ​ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുക അടക്കമുള്ള ​ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. 10 മുതൽ 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. രാഹുലും യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണമടക്കം ശക്തമായ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. നേരത്തെ രാഹുലും മുദ്രവച്ച കവറിൽ തെളിവുകൾ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴ് ദിവസമായി രാഹുൽ ഒളിവിലാണ്. രാഹുൽ കർണാടകയിലേക്ക് കടന്നതായാണ് വിവരം. ഇതിനിടെ, മറ്റൊരു യുവതി കൂടി രാഹുലിനെതിരെ പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചു. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരിൽക്കണ്ട് പരാതി നൽകാൻ പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷമാകും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും തിരുവന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.

Exit mobile version