Site icon Newskerala

ചെ​ങ്കോട്ട സ്ഫോടനം; കാറിന്റെ യഥാർഥ ഉടമയെ തേടി പൊലീസ്

ന്യൂഡൽഹി: ചെ​ങ്കോട്ടക്ക് സമീപം സ്ഫോടനവുമായി ബന്ധപ്പെട്ട് കാറിന്റെ യഥാർഥ ഉടമയെ തേടി പൊലീസ്. അവസാനം കാർ വാങ്ങിയത് ജമ്മു കാശ്മീരിലെ പുൽവാമ സ്വദേശിയെന്നാണ് നിലവിലെ പൊലീസ് അനുമാനം. സംഭവത്തിന് പിന്നാലെ, സ്ഫോടനമുണ്ടായ ഐ20 കാറിന്റെ ആദ്യ ഉടമയായ മുഹമ്മദ് സൽമാനെ ഹരിയാന ഗുരുഗ്രാം പൊലീസ് അറസ്റ്റ് ​ചെയ്തിരുന്നു. ഡൽഹി ഓഖ്‍ല സ്വദേശി ദേവേന്ദ്ര എന്നയാൾക്ക് കാർ വിറ്റുവെന്നാണ് മുഹമ്മദ് സൽമാൻ നൽകിയ മൊഴി. ഇയാൾ അംബാലയിൽ താമസിച്ചിരുന്ന അമീറിന് കാർ കൈമാറി. ഇതിനിടെ, ജമ്മു കാശ്മീർ പുൽവാമ സ്വദേശി താരിഖ് എന്നയാൾ കാർ വാങ്ങിയിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ തുടർന്ന് വാഹനം മറ്റാർക്കെങ്കിലും വിറ്റിരുന്നോ എന്ന് വ്യക്തമല്ല. അതേസമയം, സ്ഫോടനസമയത്ത് കാറിലുണ്ടായിരുന്നത് പുൽവാമ സ്വദേശി ഡോ. ഉമർ മുഹമ്മദ് ആണെന്നാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിഗണിച്ച് പൊലീസ് അനുമാനം. ഇയാൾ കാറിന് സമീപം നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ ആധികാരികത ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനിടെ, കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാജ രേഖകള്‍ നിര്‍മിച്ചെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കാറിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സ്‌ഫോടനത്തില്‍ ഒമ്പത് ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ തീപടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം ഉണ്ടായത്. ആഭ്യന്തരമന്ത്രി അമിത്ഷാ പരിക്കേറ്റവരെ എൽ.എൻ.ജി.പി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

Exit mobile version