ബ്രസീലില്‍ സഹപ്രവര്‍ത്തകനെ ചുംബിക്കാൻ വിസമ്മതിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കെയർ ഗീവർ ആയി ജോലി ചെയ്തുവരുന്ന 38 -കാരിയായ സ്ത്രീയെയാണ് തന്നെ ചുംബിക്കാൻ വിസമ്മതിച്ചതിന്‍റെ പേരിൽ സഹപ്രവർത്തകൻ അതിദാരുണമായി കൊലപ്പെടുത്തിയത്. നാല് കുട്ടികളുടെ അമ്മ കൂടിയായ ഇവർ പുനർവിവാഹിതയായത് സംഭവം നടക്കുന്നതിന് വെറും എട്ട് ദിവസങ്ങൾ മുമ്പാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകം ചെയ്തുവെന്ന് സംശയിക്കുന്ന ആളുടെ കുറ്റസമ്മതം ആണെന്ന് അവകാശപ്പെടുന്ന വീഡിയോ ഒരു പ്രാദേശിക മാധ്യമം പുറത്ത് വിട്ടു. കുറ്റസമ്മതത്തിൽ ഇയാൾ പറയുന്നത് തന്നെ ചുംബിക്കാൻ വിസമ്മതിക്കുകയും അടിക്കുകയും ചെയ്തതിനാലാണ് താൻ സഹപ്രവർത്തകയായ സ്ത്രീയെ കൊലപ്പെടുത്തിയത് എന്നാണ്. സിന്‍റിയ റിബെയ്റോ ബാർബോസ എന്ന യുവതിയെയാണ് അവർ ജോലി ചെയ്തിരുന്ന വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബാർബോസയുടെ സഹപ്രവർത്തകനായ മാർസെലോ ജൂനിയർ ബാസ്റ്റോസ് സാന്‍റോസാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇയാൾ ബാർബോസയെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അവർ അതിന് വിസമ്മതിക്കുകയും സാന്‍റോസിനെ അടിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമായി പറയുന്നത്.
യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ബാസ്റ്റോസ് സാന്‍റോസ് സമീപത്തെ ആളൊഴിഞ്ഞ വസ്തുവിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് റിബെയ്‌റോ ബാർബോസയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം ബാസ്റ്റോസ് സാന്‍റോസ് അയൽവാസിയോട് നിലം കുഴിക്കുന്നതിനുള്ള ഉപകരണം ചോദിച്ചെത്തിയിരുന്നു എന്ന് അറിഞ്ഞതോടെയാണ് പോലീസിന് ആദ്യം ഇയാളെ സംശയം തോന്നിയത്. അന്വേഷണത്തിൽ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്ന് കുറ്റവാളി ഇയാളാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു.