സർക്കാറിന് ആശ്വാസം; ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി ഹൈകോടതി ശരിവെച്ചു, ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ നീക്കിയ സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. സ്ഥലംമാറ്റം സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയത്. സ്ഥലംമാറ്റ വിഷയം ട്രൈബ്യൂണൽ പരിഗണിച്ചു തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു. കെ.ജെ. റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചെന്ന സർക്കാറിന്‍റെ വാദം കോടതി അംഗീകരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നൽകിയ ഡോ. വി. മീനാക്ഷി 13ന് തന്നെ ചുമതലയേറ്റെന്നതും കോടതി പരിഗണിച്ചു. എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ സ്ഥലംമാറ്റിയത്. പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. പകർച്ചവ്യാധി കാലത്ത് അവധിക്ക് അപേക്ഷിച്ചെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു റീനയെ മാറ്റിയത്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അവധിക്ക് അപേക്ഷിച്ചില്ലെന്നും കാട്ടി റീന ട്രൈബ്യൂണലിന് പരാതി നൽകി. തുടർന്ന് ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തു. ഇതിനെതിരേ സർക്കാർ അപ്പീൽ ഹരജിയുമായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റിയതെന്നും തതുല്യമായ പദവിയിലാണ് പുതിയ നിയമനമെന്നും സർക്കാർ വാദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അനുകൂല ഉത്തരവിന്റെ പശ്ചാത്തലത്തിൽ തുടർച്ചയായ ദിവസങ്ങളിൽ റീന ഡി.എച്ച്.എസ് ഓഫിസിലെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button