തുടരെ തുടരെ ബോംബ് ഭീഷണികൾ, ദില്ലിയിൽ ഒറ്റ ദിനം മാത്രം താഴെയിറക്കിയത് ആറ് വിമാനങ്ങൾ; ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം
ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഇന്നലെ താഴെയിറക്കിയത് ആറു വിമാനങ്ങൾ. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, മധുര സിംഗപൂർ എയർ ഇന്ത്യ വിമാനങ്ങളാണ് ബോംബ് ഭീഷണി കാരണം താഴെ ഇറക്കിയത്. 48 മണിക്കൂറിനിടെ ആറ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതിന് പിന്നാലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു. സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഒടുവിൽ ബോംബ് ഭീഷണി നേരിട്ടത്. വിമാനം സുരക്ഷിതമായി സിംഗപൂരിലെ ചാംഗി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. സിംഗപ്പൂർ വ്യോമ സേനയുടെ രണ്ട് വിമാനങ്ങൾ സുരക്ഷയ്ക്ക് അകമ്പടിയായി പറന്നു. ദമാമിൽ നിന്ന് ലഖ്‌നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനും ബോംബ് ഭീഷണി നേരിട്ടത്. വിമാനം ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തി. നേരത്തെ എയർ ഇന്ത്യയുടെ ദില്ലി – ചിക്കാഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. വിമാനവും യാത്രക്കാരെയും വീണ്ടും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായിരുന്നില്ലെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. വിശദമായ പരിശോധന തുടരുന്നതായും യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.