Sports

രാജകീയ തിരിച്ചുവരവ്! സെഞ്ച്വറിത്തിളക്കം; ഋഷഭ് പന്ത് ഇനി ധോണിയുടെ റെക്കോഡിനൊപ്പം, ഗില്ലിനും സെഞ്ചുറി

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് സെഞ്ച്വറിത്തിളക്കം. രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കുശേഷമാണ് പന്ത് ഒരു രാജ്യാന്തര ടെസ്റ്റ് കളിക്കുന്നത്. ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒന്നര വർഷത്തോളം കളത്തിനു പുറത്തിരുന്നെങ്കിലും, താരത്തിന്‍റെ പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല. 124 പന്തിൽ 11 ഫോറും നാലു സിക്സും സഹിതമാണ് പന്ത് മൂന്നക്കത്തിലെത്തിയത്. സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ പന്ത് പുറത്തായി. 128 പന്തിൽ 13 ഫോറും നാലു സിക്സും സഹിതം 109 റൺസെടുത്ത പന്തിനെ മെഹ്ദി ഹസൻ മിറാസാണ് പുറത്താക്കിയത്.മുഴുവൻ സമയ വിക്കറ്റ് കീപ്പർമാരിൽ ഇന്ത്യക്കായി കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടിയവരിൽ പന്ത് ധോണിയുടെ റെക്കോഡിനൊപ്പമെത്തി. ആറു സെഞ്ച്വറികൾ. 58 ഇന്നിങ്സുകളിലാണ് പന്ത് ആറു സെഞ്ച്വറികൾ നേടിയതെങ്കിൽ, ധോണിക്ക് 144 ഇന്നിങ്സുകൾ വേണ്ടിവന്നു. 54 ഇന്നിങ്സുകളിൽ മൂന്നു സെഞ്ച്വറികൾ നേടിയ വൃദ്ധിമാൻ സാഹയാണ് ഇരുവർക്കും പിന്നിലുള്ളത്. ശുഭ്മൻ ഗില്ലും സെഞ്ച്വറി നേടിയതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.
.
രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു. 515 റൺസ് വിജയലക്ഷ്യം. 64 ഓവറിലാണ് ഇന്ത്യ 287 റൺസെടുത്തത്. കരിയറിലെ അഞ്ചാം സെഞ്ച്വറി കുറിച്ച ശുഭ്മൻ ഗിൽ 119 റൺസോടെയും കെ.എൽ. രാഹുൽ 22 റൺസോടെയും പുറത്താകാതെ നിന്നു. 161 പന്തിൽ ഒമ്പത് ഫോറും മൂന്നു സിക്സും അടക്കമാണ് ഗിൽ സെഞ്ച്വറി കുറിച്ചത്. നാലാം വിക്കറ്റിൽ പന്ത്-ഗിൽ സഖ്യം 167 റൺസ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button