Site icon Newskerala

മുഖ്യമന്ത്രിക്ക് പുത്തൻ കാറുകൾ വാങ്ങാൻ 1.10 കോടി രൂപ അനുവദിച്ചു; ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, നിലവിലുള്ള രണ്ടു കാറുകളും മാറ്റും

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തി മുഖ്യമന്ത്രിക്ക്​ പുതിയ കാറുകൾ വാങ്ങാൻ 1.1 കോടി രൂപ അനുവദിച്ച്​ ധനവകുപ്പ്​ ഉത്തരവ്​. മുഖ്യമന്ത്രിയുടെ നിലവിലുള്ള രണ്ട്​ കാറുകൾ മാറ്റി പുതിയ കാറുകൾ വാങ്ങാനാണ്​ തുക അനുവദിച്ചത്​. പൊലീസ്​ വകുപ്പിന്‍റെ ഹെഡ്​ ഓഫ്​ അക്കൗണ്ടിൽ അധിക ഫണ്ടായാണ് തുക അനുവദിച്ചത്​. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ ചെലവ് ചുരുക്കൽ ഉൾപ്പെടെ സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക്​ കൂടി തുടരാൻ ഉത്തരവിറക്കിയതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രിക്ക്​ പുതിയ കാറുകൾ വാങ്ങാൻ ​ ഉത്തരവിറക്കിയത്​. സാമ്പത്തികനില കണക്കിലെടുത്ത് 2020 മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ്​ ഒരു വർഷത്തേക്ക്​ കൂടി തുടരുന്നത്​. കെട്ടിടങ്ങളുടെ മോടി കൂട്ടൽ, ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ എന്നീ ചെലവുകൾ നിയന്ത്രണത്തിൽ ഉൾപ്പെടുന്നുണ്ട്​. ഇത്​ അവഗണിച്ചാണ്​ ഇളവ്​ വരുത്തി തുക അനുവദിച്ചത്​.

Exit mobile version