Site icon Newskerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എറണാകുളം: എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദക്ഷിണ റെയിൽവെയുടെ നിലപാട് പ്രതിഷേധാർഹമാണ്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് ഉദ്ഘാടന ചടങ്ങിൽ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു. വിഷയത്തിൽ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. ദേശീയഗാനം ആലപിച്ചും ഭരണഘടന കയ്യിലേന്തിയുമായിരുന്നു പ്രതിഷേധം. കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം- ബം​ഗ്ളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ചത്. ആദ്യയാത്രയിൽ പങ്കെടുത്ത സ്കൂൾ വിദ്യാർഥികളാണ് ​ഗണ​ഗീതം പാടിയത്. വിദ്യാർഥികൾ ​ഗണ​ഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഫേസ്ബുക്കിൽ പങ്കുവെച്ചു. കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാ​ഗ് ഓഫ് ചെയ്തു.എന്നാൽ ആർഎസ്എസ് ഗണഗീതം ആലപിച്ച വിദ്യാർഥികളുടെ വിഡിയോ വിവാദമായതോടെ ദക്ഷിണ റെയിൽവേ പിൻവലിച്ചു. ദേശഭക്തി​ഗാനമായി അവതരിപ്പിച്ച വിഡിയോയാണ് റെയിൽവേ പിൻവലിച്ചത്. വിദ്യാർഥികൾ ​ഗണ​ഗീതം ആലപിക്കുന്ന ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

Exit mobile version