Kerala

കര്‍ഷകരെ നിരാശയിലാക്കി റബര്‍വില വീണ്ടും താഴേക്ക്

15 വർഷത്തെ ഇടവേളയ്ക്ക് ശേഷം റബർ വില കിലോയ്ക്ക് 255 രൂപയില്‍ എത്തിയപ്പോള്‍ ആശ്വാസം പൂണ്ട റബർ കർഷകരെ നിരാശയിലാക്കി വീണ്ടും വിലയിടിവ്.
നിലവില്‍ 175 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. റബറിന്റെ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതോടെ ഉണ്ടായ വിലത്തകർച്ച കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രധാന ഉപഭോഗ രാജ്യമായ ചൈനയില്‍ റബറിനു ഡിമാൻഡ് കുറഞ്ഞതാണ് വിലക്കുറവിനു കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉല്‍പാദനം കുറയുമ്ബോഴും വില വർദ്ധനയില്‍ പിടിച്ചു നില്‍ക്കാമെന്ന് കരുതിയ കർഷകർ ഇപ്പോള്‍ ദുരിതത്തിലായി. ടാപ്പിംഗ് നിറുത്തി വച്ചിരുന്ന പല തോട്ടങ്ങളും റബർ വില വർദ്ധനയില്‍ പ്രതീക്ഷയർപ്പിച്ച്‌ മരുന്ന് അടിച്ച്‌ റെയിൻ ഗാർഡ് ഇട്ടെങ്കിലും ഇതിനു ചെലവാക്കിയ തുക പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. റബർ വില കൂടുമെന്ന പ്രതീക്ഷയില്‍ വായ്പയെടുത്ത് റബർ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും സങ്കടത്തിലാണ്.

റബർ ഇറക്കുമതി നിരോധിക്കണമെന്ന് കർഷകർ

കഴിഞ്ഞ ജൂണ്‍ 10നാണ് റബർ വില 200 കടന്നത്. ആഗസ്റ്റ് 9ന് സർവകാല റെക്കാർഡായ 255 രൂപയിലെത്തി. ആഗസ്റ്റ് അവസാന വാരം 225 രൂപ വരെയെത്തിയ റബ‌ർ സെപ്തംബർ ആദ്യവാരം വില കുത്തനെ ഇടിഞ്ഞ് 155 രൂപയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പടിപടിയായി വില ഉയ‌ർന്ന് സെപ്തംബ‌ർ പകുതിയോടെ 225 രൂപയില്‍ തിരിച്ചെത്തി. എന്നാല്‍ അതിനു ശേഷം വില വീണ്ടും താഴേക്കാണ്. നിലവില്‍ 175 രൂപയാണ് ശരാശരി വി. റബർ ഇറക്കുമതി നിയന്ത്രിച്ചും, ഇറക്കുമതി തീരുവ വർധിപ്പിച്ചും റബർ വില ഉയർത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. സംസ്ഥാന സർക്കാരിന്റെ വില സ്ഥിരത ഫണ്ട് 250 രൂപയാക്കി വർദ്ധിപ്പിക്കണം. റബർ കയറ്റി അയയ്ക്കാൻ ലൈസൻസുള്ള പ്ലാന്റേഷൻ കോർപറേഷൻ, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ എന്നിവ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. റബർ വില ഉയർന്നതിനെ തുടർന്ന് ടാപ്പിംഗ് തൊഴിലാളികള്‍ കൂലി വർദ്ധിപ്പിച്ചതായും കർഷകർ പറയുന്നു.

ആഭ്യന്തര ടയർ ഉത്പാദകർ റബർ വ്യാപാരത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് റബറിന്റെ വിലക്കുറവിന് കാരണമാകുന്നുണ്ട്. റബറിന്റെ മൂല്യവർദ്ധിത ഉല്‍പന്നങ്ങള്‍ക്ക് വിലവർധിക്കുകയും ചെയ്തു.

പി.അബ്ദുള്ള, സ്വതന്ത്ര കർഷക സംഘം പാലക്കാട് ജില്ലാ ട്രഷറർ

റബർ വില(ശരാശരി)

ആഗസ്റ്റ് 19 – 219 രൂപ

ആഗസ്റ്റ് 21 – 233

ആഗസ്റ്റ് 22 – 229

ആഗസ്റ്റ് 23 – 220

സെപ്തംബർ 5 – 155

സെപ്തംബർ 10 – 220

സെപ്തംബർ 18 – 224

ഒക്ടോബർ 10 – 205

ഒക്ടോബർ 29 – 175

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button