ശബരിമല സ്വർണക്കൊള്ളയിൽ താൻ മാത്രം എങ്ങനെ പ്രതിയാകും എന്ന് തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ജാമ്യ ഹർജിയിലാണ് പദ്മകുമാർ ഇക്കാര്യം ചോദിക്കുന്നത്. ബോർഡിന് വീഴ്ച പറ്റിയതിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് പത്മകുമാർ ചോദിക്കുന്നത്. എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തമെന്നും ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ബോർഡിലെ മറ്റ് അംഗങ്ങൾ അറിയാതെ താൻ ഒറ്റയ്ക്ക് എങ്ങനെ തീരുമാനമെടുക്കുമെന്നും എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും പദ്മകുമാർ പറയുന്നു. ഉദ്യോഗസ്ഥർ പിച്ചള പാളികൾ എന്നെഴുതി അത് ചെമ്പ് പാളികൾ എന്ന തിരുത്തുകയാണ് ചെയ്തത്. ചെമ്പ് ഉപയോഗിച്ചാണ് പാളികൾ നിർമ്മിച്ചത് എന്നതിനാലാണിത്. തിരുത്തൽ വരുത്തിയെങ്കിൽ അംഗങ്ങൾക്ക് പിന്നീടും അത് ചൂണ്ടിക്കാണിക്കാം എന്നാണ് പദ്മകുമാർ പറയുന്നത്.
അതേസമയം പദ്മകുമാറിന്റെ ജാമ്യ ഹർജി നാളെ കൊല്ലം കോടതി പരിഗണിച്ചേക്കും. അതിനിടെ എ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും ഇതും തമ്മിൽ താരതമ്യം ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയും കൊണ്ടു നടന്നാൽ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. ജനങ്ങൾക്ക് എല്ലാം അറിയാം. ശബരിമല വിഷയത്തിൽ ഉത്തരവാദിയാരാണോ അവരെ പുറത്ത് കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


