Site icon Newskerala

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡിന് ​ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി; രേഖകളിലെ പൊരുത്തക്കേട് അതീവ ഗുരുതരം

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡും സംശയനിഴലിൽ. ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി രം​ഗത്തെത്തി. പ്രഥമദൃഷ്ട്യാ ദേവസ്വം ബോർഡ് അധികൃതർക്ക് ഗുരുതര വീഴ്ചയെന്നും പൊരുത്തക്കേട് അതീവ ​ഗൗരവതരമെന്നും കോടതി. ദേവസ്വം ബോർഡ് യോഗമാണ് വാതിൽ കട്ടിളകളിലെ സ്വർണത്തകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം കമ്മീഷണർക്ക് 2019 ഫെബ്രുവരിയിൽ അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ‘ശ്രീകോവിൽ വാതിലുകളുടെ അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്, 2019 മാർച്ച് 11നകം അത് സന്നിധാനത്തേക്ക് എത്തിക്കും, ഈ വാതിലുകളുടെ കട്ടിളകളിലെ സ്വർണം പൂശിയ ചെമ്പ് തകിടുകൾ വീണ്ടും സ്വർണം പൂശണം’- എന്നാണ് കത്തിലുണ്ടായിരുന്നത്. ഈ കത്ത് മാർച്ച് മൂന്നിന് ദേവസ്വം കമ്മീഷണർ ബോർഡ് അധികൃതർക്ക് കൈമാറി. എന്നാൽ, ദേവസ്വം കമ്മീഷണർ ബോർഡ് അധികൃതർക്ക് നൽകിയ കത്തിൽ ചെമ്പ് തകിടുകൾ എന്ന് മാത്രമായിരുന്നു പരാമർശിച്ചിരുന്നത്. തൊട്ടുമുമ്പ് ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ കത്തിൽ സ്വർണം പൂശിയ ചെമ്പ് പാളികൾ എന്നായിരുന്നു ഉണ്ടായിരുന്നത്. കമ്മീഷണറുടെ പരാമർശം ഇതിന് വിരുദ്ധമാണ്. ദേവസ്വം കമ്മീഷണറുടെ കത്തിന്റെയടിസ്ഥാനത്തിൽ 2019 മാർച്ച് 20ന് ദേവസ്വം ബോർഡ് യോ​ഗം ചേരുകയും തകിടുകൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന് തീരുമാനിക്കുകയുമായിരുന്നു. ഈ യോ​ഗത്തിന്റെ രേഖകളിലും ചെമ്പ് തകിടുകൾ എന്ന് മാത്രമായിരുന്നു പരാമർശം. മാത്രമല്ല, ഉണ്ണികൃഷ്ണൻ പോറ്റിക്ക് തകിടുകൾ കൈമാറുന്നതിന്റെ ഭാ​ഗമായി 2019 മെയ് 18ന് തയാറാക്കിയ പ്രത്യേക മഹസറിലും ചെമ്പ് തകിടുകൾ എന്ന് മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. തന്ത്രി, മേൽശാന്തി, അസി. എൻജിനീയർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, വാച്ചർ, ​ഗാർഡ്, ​ഗോൾഡ് സ്മിത്ത് ഉൾപ്പെടെയുള്ള പത്ത് പേരാണ് ഈ മഹസറിൽ ഒപ്പിട്ടിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. 1998- 99 കാലത്ത് വാതിൽ കട്ടിളകളിലും മറ്റുമായി സ്വർണം പൂശിയതായി മുൻ രേഖകളിലുണ്ടെന്നും എന്നാൽ ഇത് മഹസറിലടക്കം ഉൾപ്പെടുത്താത്തത് നിസാരമായി കാണാനാവില്ലെന്നും ഈ പൊരുത്തക്കേട് അതീവ ​ഗൗരവതരമാണെന്നും കോടതി വ്യക്തമാക്കി.

Exit mobile version