Sports

സഞ്ജുവിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബോളർമാർ കറക്കി വീഴ്ത്തി , ആദ്യ ടി20യില്‍ വമ്പൻ ജയം

ഡര്‍ബന്‍: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് 61 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 17.5 ഓവറില്‍ 141 റണ്‍സിലൊതുങ്ങി. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രവി ബിഷ്ണോയ് 28 റണ്‍സിന് 3 വിക്കറ്റെടുത്തു. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 202-8, ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141ന് ഓള്‍ ഔട്ട്. 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രത്തെ(8) അര്‍ഷ്ദീപ് സിംഗ് സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. റിയാന്‍ റിക്കിള്‍ടണും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും സ്റ്റബ്സിനെ(11 പന്തില്‍ 11) വീഴ്ത്തിയ ആവേഷ് ഖാന്‍ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഹെന്‍റിച്ച് ക്ലാസനും റിക്കിള്‍ടണും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചെങ്കിലും പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്ക കറങ്ങി വീണു.

റിക്കിള്‍ടൺ(11 പന്തില്‍ 21), ക്ലാസന്‍(25), ഡേവിഡ് മില്ലര്‍(22 പന്തില്‍ 18) എന്നിവരെ വീഴ്ത്തിയ ചക്രവര്‍ത്തി ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചപ്പോള്‍ പാട്രിക് ക്രുഗറെയും(1), ആൻഡൈല്‍ സിമെലേനെയും(6) മടക്കിയ രവി ബിഷ്ണോയ് ദക്ഷിണാഫ്രിക്കയുടെ വാലരിഞ്ഞു. 86-ല്‍ നിന്ന് 93-7ലേക്ക് വീണ ദക്ഷിണാഫ്രിക്ക പിന്നീട് കരകയറിയില്ല. ജെറാള്‍ഡ് കോയെറ്റ്സിയുടെ(23) പോരാട്ടം ദക്ഷിണാഫ്രിക്കയുടെ പരാജയഭാരം കുറച്ചു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആവേഷ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. ടി20 ക്രിക്കറ്റിൽ മറ്റൊരു വിക്കറ്റ് കീപ്പർക്കും സ്വന്തമാക്കാനാവാത്ത അപൂർവ റെക്കോര്‍ഡുമായി സഞ്ജു സാംസണ്‍ നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തിൽ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു.  50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തി 107 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 18 പന്തില്‍ 33 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോയെറ്റ്സെ മൂന്ന് വിക്കറ്റെടുത്തു

27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജുവാണ് ഇന്ത്യയെ നയിച്ചത്. രണ്ടാം വിക്കറ്റില്‍ സൂര്യക്കൊപ്പം76 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സഞ്ചു മൂന്നാം വിക്കറ്റില്‍ തിലക് വര്‍മക്കൊപ്പം 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിനാലാം ഓവറിലാണ് സഞ്ജു തന്‍റെ തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറിയിലെത്തിയത്. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തിയ സഞ്ജു 107 റണ്‍സടിച്ച് പതിനാറാം ഓവറില്‍ മടങ്ങിയതോടെ ഇന്ത്യക്ക് അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താനായില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ(6 പന്തില്‍ 2), റിങ്കു സിംഗ്(10 പന്തില്‍11), അക്സര്‍ പട്ടേൽ(7 പന്തില്‍ 7) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ 15 ഓവറില്‍ 167 റണ്‍സെത്തിയിരുന്ന ഇന്ത്യക്ക് അവസാന അഞ്ചോവറില്‍ 35 റണ്‍സ് കൂടിയെ കൂട്ടിച്ചേര്‍ക്കാനായുള്ളു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെറാള്‍ഡ് കോയെറ്റ്സി നാലോവറില്‍ 37 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button