Site icon Newskerala

RSS ക്യാമ്പില്‍ ലൈംഗികാതിക്രമം, നിരന്തരം പീഡിപ്പിച്ചത് ‘കണ്ണന്‍ചേട്ടന്‍’; അനന്തുവിന്റെ ‘മരണമൊഴി’; വീഡിയോസന്ദേശം പുറത്ത്

കോട്ടയം:
ആര്‍എസ്എസ് ക്യാമ്പില്‍നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്‌നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി കോട്ടയം സ്വദേശി അനന്തു അജിയുടെ വീഡിയോ. ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ് അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ബുധനാഴ്ച പുറത്തുവന്നത്.
നേരത്തേ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനായി ഷെഡ്യൂള്‍ചെയ്തുവെച്ച വീഡിയോയാണ് ഇത്.

ആര്‍എസ്എസ് ക്യാമ്പില്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതുകാരണമാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് അനന്തു അജി വീഡിയോയില്‍ പറയുന്നത്. നേരത്തേ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ എന്‍എം എന്ന പേരില്‍ തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് അനന്തു സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച പുറത്തുവിട്ട വീഡിയോയില്‍ ‘നിധീഷ് മുരളി’ എന്ന കണ്ണന്‍ ചേട്ടനാണ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതെന്നും അനന്തു അജി വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 14-നാണ് ഈ വീഡിയോ ചിത്രീകരിക്കുന്നതെന്നും അനന്തു പറയുന്നുണ്ട്.

എന്റെ മരണമൊഴിയുമായിട്ടാണ് വന്നിരിക്കുന്നത്. എന്തിനാണ് ഞാന്‍ സൂയിസൈഡ് ചെയ്യുന്നതെന്ന് എല്ലാര്‍ക്കും സംശയമുണ്ടാകും. ഇതിനൊക്കെ ഉത്തരം ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഞാന്‍ പറയാന്‍പോകുന്നത് എന്റെ ലൈഫിനെക്കുറിച്ചാണ്. ഞാന്‍ ഒരു ഒസിഡി പേഷ്യന്റാണ്. ഒന്നരവര്‍ഷമായി തെറാപ്പി എടുക്കുന്നു. ആറുമാസമായി മെഡിസിനും കഴിക്കുന്നു. ഇതൊക്കെ കാരണമാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്.

എന്റെ ലൈഫ് കുറച്ച് കഷ്ടപ്പാടാണ്. ഞാന്‍ പീഡനത്തിന് ഇരയായ ആളാണ്. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍ മുതല്‍ വീടിനടുത്തുള്ള ഒരാള്‍ എന്നെ തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിച്ചിരുന്നു. അതുകൊണ്ടാണ് എനിക്ക് ഒസിഡി വന്നത്. ഇത് മനസിലായത് കഴിഞ്ഞവര്‍ഷം മാത്രമാണ്.

അയാള്‍ എന്നെ മൂന്ന്-നാല് വയസ്സുള്ളപ്പോഴാണ് നിരന്തരം പീഡിപ്പിച്ചത്. അത് തുറന്നുപറയാന്‍ പേടിയായിരുന്നു. അത് ലൈംഗികാതിക്രമമാണെന്നും അന്ന് എനിക്കറിയില്ലായിരുന്നു. എല്ലാവരും ചോദിക്കും തെളിവുണ്ടോ എന്ന്, പക്ഷേ, എവിടെ.

അമ്മയും സഹോദരിയും കാരണമാണ് ഇത്രയുംകാലം ജീവിച്ചിരുന്നത്. ഇതുപോലൊരു അമ്മയെയും പെങ്ങളെയും കിട്ടാന്‍ സത്യം പറഞ്ഞാല്‍ പുണ്യംചെയ്യണം. എനിക്കൊരിക്കലും നല്ല മകനോ ചേട്ടനോ ആകാന്‍ പറ്റിയിട്ടില്ല.

എനിക്ക് എങ്ങനെ പറയണമെന്ന് അറിയില്ല. എന്നെ ഉപദ്രവിച്ചയാളുടെ പേര് ഞാന്‍ പറയാം. എനിക്ക് പലസ്ഥലത്തുനിന്നും ഉപദ്രവം നേരിടേണ്ടിവന്നു. എല്ലാം പുരുഷന്മാരായിരുന്നു. നിങ്ങള്‍ വീഡിയോ കാണുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരിക്കലും ഇടപഴകാന്‍ പാടില്ലാത്ത ആള്‍ക്കാരുണ്ട്, അവരാണ് ആര്‍എസ്എസുകാര്‍. അവരുടെ ക്യാമ്പുകളിലും പരിപാടികളിലും നടക്കുന്ന അതിക്രമം ഭയങ്കരമോശമാണ്. ഭയങ്കര ഉപദ്രവാണ്. ഞാന്‍ അവരുടെ ക്യാമ്പിന് പോയിട്ടുണ്ട്. എനിക്കറിയാം. ഞാന്‍ അനുഭവിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും അവര്‍ കുട്ടികളെ ഉപദ്രവിക്കുന്നു. ചോദിച്ചാല്‍ അറിയാം. ആരും തുറന്നുപറയാത്തതാണ്. അവര്‍ ലൈംഗികമായി കുട്ടികളെ ഉപദ്രവിക്കുന്നു. ശാരീരികമായി ഉപദ്രവിക്കും. പലതും ചെയ്തിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്. പക്ഷേ എന്റെ കൈയില്‍ തെളിവ് ചോദിച്ചാല്‍ എന്റെ കൈയില്‍ ഇല്ല. എങ്ങനെ തെളിവ് കിട്ടും. അതും ഇത്രവര്‍ഷം കഴിഞ്ഞ് എവിടെ തെളിവ്.

ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരനുമായി ഇടപഴകരുത്. എനിക്ക് മാത്രമല്ല പലര്‍ക്കും നേരിട്ടുണ്ട്. എന്നെ ഉപദ്രവിച്ചയാളുടെ പേര് ഞാന്‍ പറയാം. നിധീഷ് മുരളി എന്നാണ് അദ്ദേഹത്തിന്റെ പേര്. എല്ലാവരുടെയും കണ്ണന്‍ചേട്ടന്‍. അയാള്‍ എന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചു. അതൊക്കെ ഉപദ്രവമാണെന്ന് എനിക്ക് മനസിലായത് തന്നെ കഴിഞ്ഞവര്‍ഷമാണ്. എന്തുചെയ്യാന്‍ പറ്റും. മരണംവരെ ഞാന്‍ അനുഭവിക്കും. ഒരുവിധത്തിലാണ് ഞാന്‍ ജീവിക്കുന്നത്, ഒരുവിധത്തില്‍. ജീവിക്കാന്‍ വയ്യ എനിക്ക്. ശരിക്കും മടുത്തു”, അനന്തു പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് കോട്ടയം സ്വദേശിയായ അനന്തു അജിയെ തിരുവനന്തപുരത്ത് ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസുകാരില്‍നിന്ന് ലൈംഗികപീഡനം നേരിട്ടെന്ന് യുവാവിന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ചെയ്ത ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ തമ്പാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. അനന്തു സൂചിപ്പിച്ച ‘എന്‍എം’ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

Exit mobile version