‘
നാഗചൈതന്യയുടെയും ശോഭിതാ ധുലിപാലയുടെയും അപ്ഡേറ്റുകളെല്ലാം പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ശോഭിതയോടുള്ള വിവാഹത്തെ കുറിച്ചും പ്രണയ കഥയെ കുറിച്ചും സംസാരിക്കുകയാണ് നാഗചൈതന്യ. റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് താന്‍ ശോഭിതയെ എത്രത്തോളം പ്രണയിക്കുന്നു എന്ന് താരം വ്യക്തമാക്കിയത്. ‘ഞങ്ങളുടെ പ്രണയകഥ ഇൻസ്റ്റാഗ്രാമിൽ നിന്നാണ് ആരംഭിച്ചത്. എന്റെ പങ്കാളിയെ അവിടെ കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവളുടെ ജോലിയെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം, ഞാൻ ക്ലൗഡ് കിച്ചൺ ഷോയുവിനെക്കുറിച്ച് പോസ്റ്റ് ചെയ്തപ്പോൾ അവൾ ഒരു ഇമോജി കമന്റ് ചെയ്തു. ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. താമസിയാതെ ഞങ്ങൾ കണ്ടുമുട്ടി’. ഒരു റാപ്പിഡ് ഫയർ റൗണ്ടിനിടെ ജഗപതി ബാബു നാഗചൈതന്യയോട് ഒഴിവാക്കാനാവാത്ത ഒരു കാര്യം പറയാൻ ആവശ്യപ്പെട്ടപ്പോൾ നാഗചൈതന്യയുടെ മറുപടി ‘ശോഭിത, എന്റെ ഭാര്യ!’ എന്നായിരുന്നു. ഞങ്ങൾക്കിരുവർക്കുമിടയിൽ ഒരുപാട് സമാനതകളുണ്ട്. കുടുബംത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് ശോഭിത. ഒട്ടുമിക്ക എല്ലാ ചടങ്ങുകളും കുടുംബത്തോടൊപ്പമാണ് ആഘോഷിക്കുക. കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് ശോഭിതയെയും കുടുംബത്തെയും അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട് എനിക്ക്. ഞങ്ങളുടെ രണ്ട് കുടുംബങ്ങളും തമ്മിൽ നല്ല ബന്ധമാണ്. അവർ സന്തോഷമായി ഇരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം. നാഗചൈതന്യയെ ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ എത്തിച്ച പുതിയ ചിത്രം തണ്ടേല്‍ പുറത്തിറങ്ങിയശേഷമുണ്ടായ രസകരമായ അനുഭവവും നാഗചൈതന്യ പങ്കുവെച്ചു. തണ്ടേല്‍ ഇറങ്ങിയതിന് ശേഷം ശോഭിത തന്നോട് കുറച്ച് ദിവസം മിണ്ടിയില്ല. ചിത്രത്തില്‍ ബുജ്ജി താല്ലി എന്നൊരു ഗാനമുണ്ടായിരുന്നു. ഇത് ഞാൻ ശോഭിതയെ വിളിക്കുന്ന ചെല്ലപ്പേരായിരുന്നു. ഇതാണ് ശോഭിത എന്നോട് മിണ്ടാതിരിക്കാന്‍ കാരണമെന്ന് നാഗചൈതന്യ ചിരിയോടെ പറഞ്ഞു. സംവിധായകനോട് ഞാന്‍ പറഞ്ഞ് ആ പേര് സിനിമയില്‍ ഉള്‍പ്പെടുത്തിയതാണ് എന്നാണ് അവള്‍ കരുതിയത്. പക്ഷേ ഞാന്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായില്ലെങ്കില്‍ ആ പ്രണയബന്ധം യഥാര്‍ഥമല്ലെന്നും നാഗചൈതന്യ കൂട്ടിച്ചേര്‍ത്തു.
