Site icon Newskerala

അടുത്തിടെ കണ്ട ഏറ്റവും മോശം കഥാപാത്രം, ഡ്യൂഡിലെ മമിതയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ഡ്യൂഡ് ഒ.ടി.ടി റിലീസായിരിക്കുകയാണ്. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 120 കോടിയിലധികം സ്വന്തമാക്കി. എന്നാല്‍ ഒ.ടി.ടിയിലെത്തിയ ചിത്രത്തെ കീറിമുറിക്കുകയാണ് സിനിമാപേജുകള്‍. വളരെ മോശം കഥയെ നല്ല മേക്കിങ്ങില്‍ അവതരിപ്പിച്ച ചിത്രമെന്നാണ് പലരും ഡ്യൂഡിനെ വിശേഷിപ്പിക്കുന്നത്.

നല്ല രീതിയില്‍ പോയ ആദ്യ പകുതിയും അതിനെ ഒന്നുമല്ലാതാക്കിയ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു. സ്‌നേഹിച്ച പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്ന ഷാജഹാന്‍, ആര്യ എന്നീ സിനിമകളിലേത് പോലെയാക്കാന്‍ നോക്കി പാളിയ സിനിമയാണ് ഡ്യൂഡെന്നാണ് പല പോസ്റ്റുകളും.

ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടുന്നത് മമിതയുടെ കഥാപാത്രമാണ്. ഈയടുത്ത് ഇത്രയും മോശം കഥാപാത്രത്തെ കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്. ആദ്യപകുതിയില്‍ കയല്‍ എന്ന കഥാപാത്രത്തോട് തോന്നുന്ന സ്‌നേഹം രണ്ടാം പകുതിയില്‍ ഇല്ലാതാകുന്നുണ്ടെന്നും കാര്യം സാധിക്കാന്‍ വേണ്ടി പൂങ്കണ്ണീരൊഴുക്കുന്ന കഥാപാത്രമായി സംവിധായകന്‍ മാറ്റിയെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

പ്രദീപ് അവതരിപ്പിച്ച അഗന്‍ എന്ന കഥാപാത്രത്തെക്കൊണ്ട് തന്റെ കാര്യങ്ങളെല്ലാം നടത്തിക്കാനായി കണ്ണീരൊഴുക്കുക മാത്രമാണ് രണ്ടാം പകുതിയില്‍ മമിത ചെയ്യുന്നത്. അള്‍ട്ടിമേറ്റ് റെഡ് ഫ്‌ളാഗാണ് കയല്‍ എന്ന കഥാപാത്രമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നത്. ക്ലൈമാക്‌സിനോനടുക്കുമ്പോള്‍ ആ കഥാപാത്രത്തെ നന്നാക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരിലേക്ക് അത് കണ്‍വേ ആകുന്നില്ല.

മമിതയെപ്പോലെ അരോചകമായ കഥാപാത്രമാണ് ഹൃദു ഹാറൂണിന്റേതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇഷ്ടപ്പെട്ടവരെ ഒന്നിച്ച് ജീവിക്കാന്‍ സഹായിക്കുന്ന പ്രദീപിന്റെ കഥാപാത്രത്തിന്റെ ഇമോഷന്‍ കൃത്യമായി കണ്‍വേ ചെയ്യാന്‍ സംവിധായകന് സാധിച്ചെന്നും എന്നാല്‍ മമിതയുടെയും ഹൃദുവിന്റെയും കഥാപാത്രങ്ങളുടെ കാര്യത്തില്‍ അതിന് സാധിച്ചില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

ചിത്രത്തിന് സംഗീതമൊരുക്കിയ സായ് അഭ്യങ്കറും വിമര്‍ശനത്തിന് ഇരയാകുന്നുണ്ട്. ഒരു പാട്ടിന്റെ പല വേരിയേഷനുകള്‍ എല്ലാ സീനിലും ഉപയോഗിച്ച് വെറുപ്പിച്ചു എന്നാണ് സായ്‌ക്കെതിരെയുള്ള വിമര്‍ശനം. എന്നാല്‍ മോഡേണ്‍ കാലഘട്ടത്തിലെ റിലേഷന്‍ഷിപ്പുകളെ നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ നോക്കിയ സംവിധായകന്റെ ശ്രമം പാളിയെന്നാണ് വിലയിരുത്തല്‍.

Exit mobile version