കൊച്ചി: സംസ്ഥാനത്തെ ജുഡീഷ്യൽ ജില്ലകളിൽ ലഹരിക്കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന നിർദേശത്തിൽ ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് തേടി. ഹൈകോടതി ഭരണവിഭാഗം സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ നേരത്തേ സർക്കാറുകൾക്ക് ഹൈകോടതി രജിസ്ട്രി കത്തയച്ചിരുന്നു. എന്നാൽ, വ്യക്തമായ മറുപടിയുണ്ടാവുകയോ ധനസഹായത്തിന് കേന്ദ്രസർക്കാർ സന്നദ്ധത അറിയിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറുകൾക്ക് നോട്ടീസ് അയച്ചത്. കേരളത്തിൽ നിലവിൽ കോഴിക്കോട് വടകരയിലും ഇടുക്കി പുറപ്പുഴയിലുമാണ് നാർകോട്ടിക്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന പ്രത്യേക കോടതികളുള്ളത്. 68 സെഷൻസ് കോടതികളിൽ ലഹരിക്കേസുകളുടെ വിചാരണ നടക്കുന്നുണ്ടെങ്കിലും മറ്റ് കേസുകളും കേൾക്കേണ്ടതിനാൽ മന്ദഗതിയിലാണെന്ന് കോടതി വിലയിരുത്തി. സംസ്ഥാനത്തെ കോടതികളിൽ കഴിഞ്ഞ മാർച്ച് 31 വരെ 7202 ലഹരിക്കേസുകളാണ് തീർപ്പാക്കാനുള്ളത്. ഏറ്റവുമധികം എറണാകുളം (1295), തിരുവനന്തപുരം (960), പാലക്കാട് (902) ജില്ലകളിലാണുള്ളത്. ഇത് കണക്കിലെടുത്താണ് കൂടുതൽ പ്രത്യേക കോടതികൾക്ക് ശിപാർശയുണ്ടായത്.
