തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു . കേസിൽ പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ റിമാൻഡിലാണ്. രണ്ട് ദിവസത്തിനകം പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും. പെൺകുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ടത് പ്രകോപന കാരണം. ശ്രീക്കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചു.ഞായറാഴ്ച രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ചുകൊണ്ടാണ് പ്രതി ട്രെയിനിൽ കയറിയത്. വാഷ്റൂമിൽ പോയി മടങ്ങിയെത്തുന്ന പെൺകുട്ടികളുടെ അടുത്തേക്ക് പുക വലിച്ചുകൊണ്ട് ഇയാൾ വരികയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പരാതി നൽകുമെന്ന് പെൺകുട്ടികൾ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് പെൺകുട്ടികളെ ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.രണ്ട് പെൺകുട്ടികളെയും ഇയാൾ ആക്രമിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ചവിട്ടേറ്റ് ശ്രീക്കുട്ടി ട്രാക്കിലേക്ക് തെറിച്ചുവീഴുകയും അർച്ചന ഡോറിൽ പിടിച്ചുതൂങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇവരുടെ ശബ്ദം കേട്ട് മറ്റ് യാത്രക്കാർ ഓടിക്കൂടിയതിനെ തുടർന്നാണ് ഇയാളെ പിടികൂടാനായത്.


