കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന് വഴക്ക് പറഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി
പാലക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴൽമന്ദം കൂത്തനൂർ കരടിയമ്പാറ മൂച്ചികൂട്ടംവീട്ടിൽ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴൽമന്ദം പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക:1056, 04712552056)





