Site icon Newskerala

25 വർഷത്തിലൊരിക്കൽ കേരളത്തിൽ വൻ പ്രളയമുണ്ടാകുമെന്ന് പഠനം

കോഴിക്കോട്: 150 വർഷത്തിലൊരിക്കൽ മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന പ്രളയം കേരളത്തിൽ 25 വർഷത്തിലൊരിക്കൽ സംഭവിക്കുമെന്ന് പുതിയ പഠനം. ഇത് 2018-ൽ ഉണ്ടായതിനേക്കാൾ വലിയതായിരിക്കുമെന്നും മുന്നറിയിപ്പ്. കൊല്ലത്തെ ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഗവേഷകർ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലെ നദീപ്രവാഹത്തിന്‍റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ ഈ അനുമാനത്തിലെത്തിയത്.സംസ്ഥാനത്തെ നിലവിലെ വെള്ളപ്പൊക്ക മോഡലുകൾ യഥാർഥ വെള്ളപ്പൊക്ക സാധ്യതയെ 40% വരെ കുറച്ചുകാണുന്നതാണെന്ന് പഠനം പറയുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കുന്നുണ്ട്. കേരളത്തിലെ വെള്ളപ്പൊക്ക ഭൂപടങ്ങൾ, അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങൾ, അഴുക്കുചാൽ രീതികൾ എന്നിവ നിലവിലെ മഴയുടെ രീതികൾക്കനുസരിച്ചല്ല. ഇത് കാരണമാണ് മിതമായ മഴ പെയ്യുമ്പോൾ തന്നെ നഗരങ്ങൾ വെള്ളത്തിനടിയിലാകാനുള്ള കാരണമെന്ന് പഠനം വിശദീകരിക്കുന്നു. ഇത്തരം ഡിസൈൻ മാനദണ്ഡങ്ങൾ അടിയന്തിരമായി പുതുക്കിയില്ലെങ്കിൽ പതിവ് മൺസൂൺ മഴയിൽ പോലും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡിൽ നിന്നുള്ള 40 വർഷത്തെ (1980-2019) വെള്ളപ്പൊക്ക ഡിസ്ചാർജ് രേഖകൾ സംഘം വിശകലനം ചെയ്തു. കാലാവസ്ഥ വ്യതിയാനം സംഭവിക്കില്ല, താപനില, ചാന്ദ്ര ചക്രങ്ങൾ എന്നിവ അതേപടി നിലനിൽക്കും എന്ന അനുമാനത്തിലാണ് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ സത്യം അതല്ല. പെട്ടെന്നുള്ള മഴയെ നേരിടാനുള്ള ശേഷി പരിമിതമായതിനാൽ നമ്മുടെ നാട്ടിലെ പാലങ്ങൾ, അണക്കെട്ടുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയെല്ലാം അപകടത്തിലാണ് -ഗവേഷണത്തിന് നേതൃത്വം നൽകിയ ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫസർ ആദർശ് എസ്. പറഞ്ഞു.മിതമായ മഴ ലഭിച്ചാൽ തന്നെ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം വെള്ളക്കെട്ട് പതിവാണ്. കേരളത്തിലെ അഴുക്കുചാൽ ശൃംഖല, കൽവെർട്ടുകൾ, പാലങ്ങൾ എന്നിവ നിലവിലെ മഴയുടെ രീതികളെ പ്രതിഫലിപ്പിക്കാത്ത ഒരു വെള്ളപ്പൊക്ക ഭൂപടം ഉപയോഗിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഗവേഷകർ പറയുന്നു. വാർഷിക മഴയുടെ 80% ത്തിലധികവും സംസ്ഥാനത്ത് ലഭിക്കുന്നത് വെറും നാല് മാസങ്ങൾക്കുള്ളിലാണ്. 2018, 2019, 2020, 2024 വർഷങ്ങളിൽ വെള്ളപ്പൊക്കങ്ങൾ നേരിടേണ്ടി വന്നു. ഇച് തുടർച്ചയായി സംഭവിക്കുന്നത് വെള്ളപ്പൊക്കം കൂടുതൽ തീവ്രവും പതിവാുമായി മാറുന്നുവെന്നാണ് കാണിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Exit mobile version