Site icon Newskerala

വധശിക്ഷ നല്‍കിയ സംഭവത്തില്‍ അവസാന പ്രതിയേയും വെറുതെവിട്ട് സുപ്രീം കോടതി; റേപ് ചെയ്തും കൊന്നും തിന്നും രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊല കേസിലെ ഒടുവിലെ ഉത്തരവ്

രാജ്യം നടുക്കത്തോടെയാവും സുപ്രീം കോടതിയില്‍ നിന്നുള്ള ഒരു തീര്‍പ്പ് കേട്ടുണ്ടാവുക. നിതാരി കൂട്ടക്കൊല കേസിലെ ഒരു പ്രതിക്ക് പിന്നാലെ അടുത്ത പ്രതിയേയും കുറ്റവിമുക്തനാക്കിയെന്ന വാര്‍ത്ത. 13 കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിരുന്ന ഒരാളാണ് ഒടുവില്‍ എല്ലാ കേസുകളിലും കുറ്റവിമുക്തനാക്കി പുറത്തേക്ക് ഇറങ്ങുന്നത്. അവസാന കേസിലും സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കി പുറത്തേയ്ക്ക് അയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍ അഴുക്കുചാലില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് അറുത്ത് മുറിക്കപ്പെട്ട് അഴുകി അസ്ഥികൂടമായി കിടന്ന കുട്ടികളുടേയും യുവതിയുടേയും അരുംകൊലയാണ് ഒന്നുമല്ലാതായി മാറിയിരിക്കുന്നത്. 19 കൊല്ലത്തിനൊടുവില്‍ ഈ തെളിവൊന്നും പോരെന്ന് പറഞ്ഞു അവസാന പ്രതിയേയും രാജ്യം ഭയന്നു വിറച്ചു കണ്ടുനിന്ന കേസില്‍ പുറത്തുവിടുമ്പോള്‍ ആ കുഞ്ഞുങ്ങളും പെണ്‍കുട്ടികളും എങ്ങനെ പിന്നെ ഇല്ലാതായി എന്ന ചോദ്യം ഈ വാര്‍ത്ത കേള്‍ക്കുന്ന ആരും ചോദിച്ചു പോകും. അത്രമേല്‍ ഞെട്ടിക്കുന്നുണ്ട് 19 പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഒരു വീടിന്റെ പരിസരത്ത് നിന്ന് കിട്ടിയ കേസില്‍ ആ വീട്ടിലുണ്ടായിരുന്ന കൊലക്കുറ്റം ചുമത്തപ്പെട്ട് വധശിക്ഷ വരെ കിട്ടിയവരുടെ വിടുതല്‍.

നിതാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി പുറത്തേക്ക് എത്തുന്നത് അവസാന കേസിലും കോലിയെ സുപ്രീം കോടതി വെറുതെ വിട്ടതോടെയാണ്. 13 കൊലക്കേസുകള്‍ ചുമത്തപ്പെട്ടയാളാണ് അതിലൊന്നില്‍ വധശിക്ഷയ്ക്ക് വരെ വിധിക്കപ്പെട്ടയാളാണ് എല്ലാ കേസുകളിലും കുറ്റവിമുക്തനായി സ്വതന്ത്രനായി പുറത്തേക്ക് വരുന്നത്. നേരത്തെ തന്നെ 12 കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്ന സുരേന്ദ്ര കോലിയെ അവശേഷിച്ച കേസില്‍ കൂടി സുപ്രീം കോടതി അയാളുടെ ക്യൂറേറ്റീവ് പെറ്റീഷന്‍ അനുവദിച്ചു പുറത്തുവിടുകയാണ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. 2023ല്‍ തന്നെ നിതാരി കൊലക്കേസിലെ മറ്റൊരു പ്രതിയായിരുന്ന മൊഹീന്ദര്‍ സിങ് പാന്ഥര്‍ കുറ്റവിമുക്തനാക്കപ്പെട്ട് പുറംലോകത്തേക്ക് എത്തിയിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തില്‍ രാജ്യം നടുങ്ങിയ ഭീകര കുറ്റകൃത്യത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മോചനം.

ഉത്തര്‍പ്രദേശിലെ നോയിഡയ്ക്ക് സമീപമുള്ള നിതാരി സെക്ടര്‍ 31ലെ കൂട്ടക്കൊല 2005നും 2006നും ഇടയിലായി നടന്നതാണ്. 2006 ഡിസംബര്‍ 29ന് അഴുക്കുചാലില്‍ കണ്ട അസ്ഥികൂട ഭാഗങ്ങളില്‍ നിന്നാണ് രാജ്യം ഞെട്ടിയ ഈ കുറ്റകൃത്യത്തിന്റെ ചുരുളഴിയുന്നത്. നോയിഡയിലെ ബിസിനസുകാരനായ മോനിന്ദര്‍ സിംഗ് പാന്ഥറിന്റെ വീടിന് പിന്നിലെ അഴുക്കുചാലില്‍ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. നിതാരി ഗ്രാമത്തിലെ സെക്ടര്‍ 31 സമ്പന്നര്‍ പാര്‍ക്കുന്ന ഇടമാണ്, പക്ഷേ തൊട്ടടുത്തുള്ള സെക്ടര്‍ 36ല്‍ താമസിക്കുന്ന സാധാരണക്കാരുടെ കുടുംബത്തില്‍ നിന്നുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് കാണാതായി പിന്നീട് ആ അഴുക്കുചാലില്‍ ചീഞ്ഞളിഞ്ഞു പിന്നീട് അസ്ഥികൂടമായി മാറിയത്. 2004 മുതല്‍ മിസിങ് കേസുകള്‍ കൂട്ടമായി വന്നിട്ടും ദരിദ്രരോട് പൊലീസ് സ്വീകരിച്ച നിരാശജനകമായ മറുപടിയുടെ ബാക്കിപത്രം 2006ല്‍ ആ അസ്ഥികൂടങ്ങള്‍ ഓടയില്‍ തെളിഞ്ഞതിലേക്ക് എത്തിനിന്നു.
അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ ബിസിനെസ്മാന്‍ പാന്ഥറിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. പാന്ഥറിന്റെ വീടിനു ചുറ്റും കൂടുതല്‍ കുഴിച്ചപ്പോള്‍ കൂടുതല്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ ലഭിച്ചു. ഈ അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് കാണാതായ ദരിദ്രരായ കുട്ടികളുടെയും യുവതികളുടെയും ആയിരുന്നു. ഞെട്ടലിലും ഭീതിയിലും ജനരോഷം ആളിയതോടെ പാന്ഥറും കോലിയും അറസ്റ്റിലായി. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് മാത്രമല്ല Cannibalism അഥവ നരഭോജനം വരെ ഇരുവരും നടത്തിയിരുന്നുവെന്നും അതിന് ശേഷമാണ് അവരുടെ മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ തള്ളിയതായി കണ്ടെത്തപ്പെട്ടിരുന്നു. പെണ്‍കുട്ടികളെ കൊലപ്പെടുത്തി വെട്ടിനുറുക്കി വീട്ടിന് പുറത്തെ അഴുക്കുചാലില്‍ എറിഞ്ഞത് കോലിയാണെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തി സുരേന്ദ്ര കോലിയെ എല്ലാ കേസുകളിലും പ്രതിയാക്കി, അതേസമയം മൊനീന്ദര്‍ സിംഗ് പാന്ഥറിനെതിരെ ഇമ്മോറല്‍ ട്രാഫിക്കിന്റെ ഒരു കേസ് കൂടി ചുമത്തിയിരുന്നു.

നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിന് കോലിയെ പത്തിലധികം കേസുകളില്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. നിലവില്‍ കോലിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയത് നിതാരയിലെ 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിനും ബലാത്സംഗം ചെയ്തതിനുമുള്ള കേസിലാണ്. 2009ല്‍, ഈ കേസില്‍ അലഹബാദ് ഹൈക്കോടതി കോലി കുറ്റക്കാരനാണെന്ന് വിധിച്ചതാണ്, എന്നാല്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിനും ബലാത്സംഗം ചെയ്തതിനും തെളിവുകളുടെ അഭാവം മൂലം പാന്ഥറിനെ അന്നേ കുറ്റവിമുക്തനാക്കി. ഈ വിധിക്കെതിരെ കോലി നല്‍കിയ അപ്പീല്‍ 2011-ല്‍ സുപ്രീം കോടതി തള്ളിയതുമാണ്. കോലി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും 2014-ല്‍ സുപ്രീം കോടതി തള്ളിയതാണ് പക്ഷേ കോലിയുടെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിലെ അമിതമായ കാലതാമസം കാരണം 2015 ജനുവരി 28-ന് അലഹബാദ് ഹൈക്കോടതി ശിക്ഷ ജീവപര്യന്തം തടവായി കുറച്ചു നല്‍കി.

മറ്റ് കൊലപാതക കേസുകളില്‍ കാലം കഴിയും തോറും കോടതികള്‍ ഇരുവരേയും കുറ്റവിമുക്തരാക്കുന്നത് തുടര്‍ന്നു. 2023 ഒക്ടോബറില്‍ അലഹബാദ് ഹൈക്കോടതി 2017-ല്‍ വിചാരണ കോടതി വിധിച്ച വധശിക്ഷ റദ്ദാക്കി. 12 കേസുകളില്‍ കോലിയെയും 2 കേസുകളില്‍ പാന്ഥറിനെയും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതേത്തുടര്‍ന്ന് സിബിഐയും നിതാരിയിലെ ഇരകളുടെ കുടുംബങ്ങളും ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ആകെ 14 അപ്പീലുകള്‍ ഫയല്‍ ചെയ്തു. ജൂലൈ 31 ന് സുപ്രീം കോടതി എല്ലാ അപ്പീലുകള്‍ തള്ളി. 2023ല്‍ തന്നെ പാന്ഥര്‍ പുറത്തിറങ്ങി. ബാക്കിയുണ്ടാരുന്ന അവസാന കേസിലാണ് ഇന്ന് സുരേന്ദ്ര കോലിയെ കൂടി സുപ്രീം കോടതി വെറുതെ വിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തില്‍ രാജ്യം നടുങ്ങിയ ഭീകര കുറ്റകൃത്യത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മോചനം ലഭിക്കുമ്പോള്‍ ആ വാക്കുകള്‍ പലര്‍ക്കും ഇന്ന് ഹൃദയത്തില്‍ ഒരു ഭാരം കയറ്റിവെയ്ക്കും.

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് പറയുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഉദാര മനസ്‌കത, ഏതൊക്കെ നിരപരാധിക്ക് തുണയായി എന്ന് ഓര്‍ത്ത് പറയുന്നതിലുമെളുപ്പം കുറ്റവാളികളില്ലാതെ കുറ്റകൃത്യം മാത്രം ബാക്കിയായ ചരിത്രം കൂടി ഓര്‍മ്മിപ്പിക്കുമ്പോഴാണ്. നിതാരിയിലെ ആ തെരുവില്‍ കുറച്ച് കുട്ടികളുണ്ടായിരുന്നു, പായല്‍ എന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ബലാല്‍ക്കാരം ചെയ്യപ്പെട്ട് ആ തെരുവിലെ ഓടയില്‍ അസ്ഥികഷണമായി ചിതറിയവരുടെ ജീവിതവും വേദനയും മരണവും കഥയല്ലായിരുന്നു, സത്യമായിരുന്നു. 2011ല്‍ കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ച സുപ്രീം കോടതി 2025ല്‍ ആ ഉത്തരവ് റദ്ദ് ചെയ്ത് സുരേന്ദ്ര കോലിയെ കൂടി പുറത്തേക്ക് അയക്കുമ്പോള്‍ ഒടുങ്ങിപ്പോയവരുടെ നീതിയെവിടെ എന്ന ചോദ്യം ബാക്കിയാണ്. അരുംകൊല ചെയ്തവരെ സംശയാധീതമായല്ല കേസ് തെളിഞ്ഞതെന്ന് കോടതിയ്ക്ക് കൊല്ലങ്ങള്‍ക്ക് ശേഷം തോന്നിയതിനാല്‍ ഒരു ക്യൂരേറ്റീവ് പെറ്റീഷനില്‍ മോചനം നല്‍കുമ്പോള്‍ നിതാരിയിലെ സെക്ടര്‍ 31ല്‍ അമര്‍ന്നുപോകുന്ന നിലവിളികള്‍ ബാക്കിയാവുകയാണ്.

Exit mobile version