ന്യൂഡൽഹി: ബാബരി മസ്ജിദ് ഒരു ദിവസം പുനർനിർമിക്കപ്പെടുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത നിയമ വിദ്യാർഥിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. യു.പി സ്വദേശി മുഹമ്മദ് ഫയാസ് മൻസൂരിയുടെ ഹരജിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. ‘ഒരു നാൾ ബാബരി മസ്ജിദ് അതേയിടത്ത് പുനർനിർമിക്കപ്പെടും, തുർക്കിയയിലെ ഹാഗിയ സോഫിയ മസ്ജിദ് പോലെ’എന്നായിരുന്നു പോസ്റ്റ്. തന്റെ പോസ്റ്റിൽ അശ്ലീലമോ പ്രകോപനപരമോ ആയ ഉള്ളടക്കമില്ലെന്നും അതേ പോസ്റ്റിന് താഴെ മോശവും ആക്ഷേപകരവുമായ കമന്റിട്ടത് മറ്റൊരാളാണെന്നും അയാളെ കണ്ടെത്തുന്നതിൽ അന്വേഷണസംഘം പരാജയപ്പെട്ടെന്നും ഹരജിക്കാരൻ വാദിച്ചു. വിചാരണ കോടതിക്ക് മുമ്പാകെ ഹരജിക്കാരന് എല്ലാ വാദങ്ങളും ഉന്നയിക്കാമെന്നും കേസിന്റെ ഈ ഘട്ടത്തിൽ ഇടപെടില്ലെന്നും ബെഞ്ച് പറഞ്ഞു.


