തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലാണ് 14 ദിവസത്തേക്ക് പാർപ്പിച്ചിരുന്നത്. ഇവിടെ നിരാഹാര സമരത്തിലാണ് രാഹുൽ ഈശ്വർ. വെള്ളം മാത്രം കുടിച്ചാണ് ജയിലിൽ കഴിയുന്നതെന്നാണ് വിവരം. തുടർന്നാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും അതിജീവിതയ്‌ക്കെതിരെ സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചതും ചാനൽ ചർച്ചയ്‌ക്കിടെ വെളിപ്പെടുത്തിയതും ചെറുതായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.അതിജീവിതയുടെ വിവരങ്ങൾ പ്രചരിപ്പിക്കുകയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിക്കുകയും ചെയ്തതാണ് രാഹുൽ ഈശ്വറിനെതിരെയുള്ള കേസ്.


