‘
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി നരകാസുരനെന്ന് ഡി.എം.കെ നേതാവ്. എസ്.ഐ.ആറിനെതിരായ പ്രതിഷേധ യോഗത്തിൽ തെങ്കാശി സൗത്ത് ജില്ലാ സെക്രട്ടറി വി. ജയബാലന്‍റേതാണ് വിവാദ പരാമർശം. മോദി തീർന്നാലേ തമിഴ്നാട് രക്ഷപ്പെടൂവെന്നും ജയബാലൻ പറഞ്ഞു. പ്രധാനമന്ത്രിക്കുനേരെ വധഭീഷണി മുഴക്കിയ ജയബാലനെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പൊലീസിൽ പരാതി നൽകി. ഡി.എം.കെയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് പരാമർശമെന്നും സംസ്ഥാനത്ത് വിദ്വേഷ പ്രസംഗം സാധാരണമാകുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. ജയബാലന്‍റെ വിവാദ പരാമർശം ഉൾപ്പെടുന്ന പ്രസംഗത്തിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. “മോദി നിങ്ങളുടെ വോട്ട് മോഷ്ടിക്കാൻ ശ്രമിക്കുകയാണ്. അയാൾ മറ്റൊരു നരകാസുരനാണ്. മോദി തീർന്നാലേ തമിഴ്നാട് രക്ഷപ്പെടൂ” -എന്നിങ്ങനെയാണ് പരാമർശം. കോയമ്പത്തൂരിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന കാർഷിക ഉച്ചകോടി തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെയാണ് ജയബാലന്‍റെ വിവാദ പ്രസംഗം. വിഡിയോ പങ്കുവെച്ച ബി.ജെ.പി ഐ.ടി വിഭാഗം തലവൻ അമിത് മാളവ്യ, വിദ്വേഷം നിറഞ്ഞ തീവ്രവാദമാണിതെന്ന് അഭിപ്രായപ്പെടുകയും ഡി.എം.കെ നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, വിഡിയോ കണ്ടശേഷം പ്രതികരിക്കാമെന്നാണ് ഡി.എം.കെയുടെ ഔദ്യോഗിക പ്രതികരണം. മുഴുവൻ വിഡിയോ കണ്ടാലേ ജയബാലന്‍റെ പരാമർശത്തിന്‍റെ സാഹചര്യം വ്യക്തമാകൂമെന്ന് ഡി.എം.കെ സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു. നിലവിൽ എസ്.ഐ.ആർ പ്രതിഷേധ പരിപാടികളിലാണ് ശ്രദ്ധയൂന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പ്രതികരിക്കാൻ ജയബാലൻ തയാറായിട്ടില്ല.


