ബംഗളൂരു: ലൈംഗിക ചികിത്സാത്തട്ടിപ്പിൽ സോഫ്റ്റ് വെയർ എൻജിനീയറുടെ വൃക്ക തകരാറിലാവുകയും 48 ലക്ഷം രൂപ കബളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വ്യാജ ആയുർവേദ വൈദ്യൻ അടക്കം രണ്ടു പേർക്കെതിരെ കേസ്.ബംഗളൂരുവിലെ വ്യാജ ആയുർവേദ വൈദ്യൻ വിജയ് ഗുരുജി, യശ്വന്ത്പൂരിലെ വിജയലക്ഷ്മി ആയുർവേദ ഷോപ്പിന്‍റെ ഉടമ എന്നിവർക്കെതിരെ ബംഗളൂരു സൗത്ത് വെസ്റ്റ് ഡിവിഷൻ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡ് അരികിൽ ടെന്‍റ് കെട്ടിയാണ് ലൈംഗിക പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം വാഗ്ദാനം നൽകിയാണ് വ്യാജ വൈദ്യൻ ചികിത്സ നടത്തിയിരുന്നത്. നവംബർ 22നാണ് സോഫ്റ്റ് വെയർ എൻജിനീയർ പൊലീസിൽ പരാതി നൽകിയത്. ഗ്രാമിന് 76,000 രൂപയും ഗ്രാമിന് 1.6 ലക്ഷം രൂപയും വരുന്ന വിലകൂടിയ മരുന്നുകളാണ് എൻജിനീയറോട് വൈദ്യൻ നിർദേശിച്ചത്. ഇതുപ്രകാരം എൻജിനീയർ മരുന്നു വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. ചികിത്സ നിർത്തിയാൽ ജീവന് അപകടമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചികിത്സ തുടരാൻ നിർബന്ധിക്കുകയും ചെയ്തെന്ന് എൻജീനിയർ മൊഴി നൽകി. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), 2023ലെ സെക്ഷൻ 123, 316(2), 318(4), 3(5) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.


