ടീൻ ഗ്ലാം വേൾഡ് 2024 കിരീടം ഇന്ത്യയുടെ ഇഷാനി ലൈജുവിന്
പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന പ്രഥമ ടീൻ ഗ്ലാം വേൾഡ് 2024 മത്സരത്തിലെ വിജയി ഇന്ത്യയിലെ ഇഷാനി ലൈജു.15 വയസുകാരി എറണാകുളം മുളവുകാട് സ്വദേശിനിയാണ്. ഫ്രാൻസിൽ നിന്നുള്ള അലീസാ കോളിൻസ് ഫസ്റ്റ് റണ്ണറപ്പും ശ്രീലങ്കയിൽ നിന്നുള്ള താരുഷി ജയവർധന സെക്കൻഡ് റണ്ണറപ്പുമായി. നവംബർ 21 ന് കൊച്ചി കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടീൻ ഗ്ലാം വേൾഡ് മത്സരത്തിലാണ് ഇവർ വിജയകിരീടങ്ങളണിഞ്ഞത്. വിജയിയേയും ഫസ്റ്റ് റണ്ണറപ്പിനേയും സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് സി ഇ ഒ മിനി സാജൻ, സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്സ് സി എം ഡി സാജൻ വർഗീസ് എന്നിവർ കിരീടങ്ങളണിയിച്ചു. സെക്കന്റ് റണ്ണറപ്പിനെ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജെബിത അജിത്തും പെഗാസസ് ചെയർമാന് ഡോ. അജിത് രവിയും കിരീടമണിയിച്ചു. ലോകമെമ്പാടുമുള്ള ടീൻ ഏജ് മത്സരാർഥികളിൽ നടത്തിയ ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ടോപ് ത്രീ മത്സരാർത്ഥികളായ ഇന്ത്യ, ഫ്രാൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് കൗമാരക്കാരാണ് റാംപിൽ ചുവടുവച്ചത്. രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക മൂല്യങ്ങൾ പ്രദർശിപ്പിക്കുകയും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും ടീൻ ഗ്ലാം വേൾഡ് സ്ഥാപകനുമായ ഡോ.അജിത് രവി അറിയിച്ചു. മിസ് ഏഷ്യ ഗ്ലോബൽ 2024, മിസ് യൂണിവേഴ്സ് എന്നീ മത്സരങ്ങളും ഈ വേദിയിൽ അരങ്ങേറി.
ഫാഷൻ മോഡലിംഗ് രംഗത്തുള്ള പ്രമുഖരായ ലാറ വിറ്റോറിയ ഗാമ ഡി ഒലിവേര ഇ സിൽവ (ബ്രസീൽ), ഡോ ഫോങ് തോ ജെങ് (മലേഷ്യ), മേഘ്ന ആലം (ബംഗ്ലാദേശ്), കനിക കപൂർ (ഇന്ത്യ), റീത്ത മഥൻ (റഷ്യ) എന്നിവരായിരുന്നു വിധികർത്താക്കൾ