ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഡൽഹിയിലെ കേശവ്പുരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്ര പൂജാരിയായ ദിനേശ് ശർമയെന്നയാളാണ് ഭാര്യ സുഷമ ശർമ(40)യെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. സുഷമയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ദിനേശ്, തന്റെ ഭാര്യയെ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കാണുന്നത് നിലത്ത് മരിച്ചുകിടക്കുന്ന സുഷമയെ ആണ്. ദമ്പതികളുടെ 11കാരിയായ മകൾ ഇതേ മുറിയിലെ കിടക്കയിൽ ഉറങ്ങുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി ശർമ പൊലീസിനോട് സമ്മതിച്ചു. സ്ത്രീയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് അയച്ചു.അതേസമയം, പൊലീസിനെതിരെ ആരോപണവുമായി സുഷമയുടെ കുടുംബം രംഗത്തെത്തി. പൊലീസ് തങ്ങളുടെ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുന്നില്ലെന്നും പകരം വിഷയം മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം പറയുന്നു. ‘ഇന്നലെ രാത്രി 12 മണിക്കോ ഒരു മണിക്കോ ആണ് സുഷമ മരിച്ചത്. പക്ഷേ ഇന്ന് രാവിലെ ആറ് മണിക്കാണ് പൊലീസ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്’- സഹോദരൻ അശോക് കുമാർ പറഞ്ഞു. ദിനേശ് ശർമയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. ‘ഭക്ഷണത്തെച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെന്നും തുടർന്നാണ് ഭർത്താവ് തന്റെ സഹോദരിയെ കൊന്നതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ യഥാർഥ കാരണം അയാളുടെ വിവാഹേതര ബന്ധമാണ്. സഹോദരി കുടുംബത്തോട് ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നു’- സഹോദരൻ കൂട്ടിച്ചേർത്തു.


