Spot light

21കാരിക്ക് കഠിനമായ വയറുവേദന, അഞ്ചാം വയസിൽ തുടങ്ങിയ ശീലത്തിന്റെ ഫലമെന്ന് കണ്ടെത്തി; വയറിനുള്ളിൽ 2 കിലോ മുടി

ബറേലി: കഠിനമായ വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയുടെ ആമാശയത്തിനുള്ളിൽ നിന്ന് രണ്ട് കിലോ മുടി പുറത്തെടുത്തു. ഇപ്പോൾ 21 വയസുള്ള യുവതി തന്റെ അഞ്ചാം വയസ് മുതൽ തലമുടി പൊട്ടിച്ചെടുത്ത് തിന്നുമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായിൽ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വ‍ർഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും ഡോക്ടർമാർ പറഞ്ഞു. ആമാശയത്തെ ചുറ്റിവരിഞ്ഞ നിലയിലാണ് മുടി ഉണ്ടായിരുന്നതെന്നും അൽപം ഭാഗം ചെറുകുടലിലേക്കും എത്തിയിരുന്നുവെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. കട്ടിയുള്ള ഒരു ഭക്ഷണവും കഴിക്കാൻ സാധിക്കാത്ത അവസ്ഥിയിലായിരുന്നു ഇവ‍ർ. ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ അൽപം തന്നെ ഛർദിക്കാൻ തുടങ്ങും. പിന്നീട് കഠിനമായ വയറുവേദന തുടങ്ങി. ഇത്തരമൊരു അവസ്ഥയ്ക്ക് ശസ്ത്രക്രിയ നടത്തുന്നത് അത്ര സാധാരണമല്ല.  സെപ്റ്റംബ‍ർ 20നാണ് ഉത്തർപ്രദേശിലെ കാർഗേന സ്വദേശിയായ യുവതിയെ ബന്ധുക്കൾ ബറേലി ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. സിടി സ്കാൻ എടുത്ത് നോക്കിയപ്പോൾ ആമാശയത്തിൽ വൻതോതിൽ മുടി അടിഞ്ഞുകൂടിയിരിക്കുന്നതായി കണ്ടെത്തി. യുവതിയോടും കുടുംബാംഗങ്ങളോടും വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് യുവതിക്ക് സ്വന്തം മുടി പൊട്ടിച്ചെടുത്ത് വായിൽ വെച്ച് കഴിക്കുന്ന ശീലമുണ്ടായിരുന്നെന്ന് മനസിലായത്. അഞ്ചാം വയസ് മുതൽ താൻ ഇങ്ങനെ ചെയ്യാറുണ്ടെന്നും യുവതി ഡോക്ടർമാരോട് പറഞ്ഞു.  വിശദമായ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ മുടി പുറത്തെടുത്തു. ട്രൈക്കോഫാജിയ എന്നറിയപ്പെടുന്ന മനോരോഗാവസ്ഥയുള്ളവരാണ് ഇത്തരത്തിൽ മുടി പൊട്ടിച്ചെടുത്ത് ഭക്ഷിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. സ്വന്തം  മുടി പൊട്ടിച്ച് കളയുന്ന ട്രൈക്കോടില്ലോമാനിയ എന്ന അവസ്ഥയുമുണ്ട്. ഭക്ഷിക്കുന്ന മുടി ആമാശയത്തിൽ അടിഞ്ഞുകൂടി ഛർദിയും വയറുവേദനയും പോലുള്ള പ്രശ്നങ്ങളുണ്ടാവും. ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ചിലപ്പോഴെങ്കിലും ഗുരുതരമായ അവസ്ഥകൾക്ക് ഇത് കാരണമാവും. അത്തരം സാഹചര്യങ്ങളിൽ അടിയന്തിര ശസ്ത്രക്രിയകളും ആവശ്യമായി വരും. വയറുവേദന, ശ്വാസതടസം, ഛർദി, വയറിളക്കം, ഭാരം കുറവ്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാവും. ജനിതക ഘടകങ്ങളുൾപ്പെടെയുള്ള കാരണങ്ങൾ ഇത്തരമൊരു രോഗാവസ്ഥയുടെ കാരണങ്ങളായി പറയാറുണ്ട്. ബിഹേവിയറൽ തെറാപ്പിയിലൂടെ മുടി ഭക്ഷിക്കുന്ന ശീലങ്ങൾ മാറ്റിയെടുക്കാനും സാധിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button