ദില്ലി: ദില്ലി കാളിന്ദികുഞ്ചിൽ ഡോക്ടറെ ആശുപത്രിക്ക് ഉള്ളിൽ കയറി വെടിവെച്ചു കൊന്നു. നിമ ആശുപത്രിയിലെ ഡോക്ടർ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സക്ക് എത്തിയവരാണ് വെടിയുതിർത്തത്. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയില്‍ പതിവ് പോലെ ഡ്യൂട്ടിലായിരുന്നു ഡോക്ടര്‍ ജാവേദ് അക്തര്‍. ആ സമയത്താണ് പരിക്കുകളോടെ രണ്ടുപേര്‍ ചികില്‍സയ്ക്കെന്ന പേരില്‍ എത്തിയത്. ഡോക്ടറുടെ ക്യാബിനിലെത്തിയ രണ്ടംഗ സംഘം ഒരു പ്രകോപനവുമില്ലാതെ ജാവേദിനു നേരേ വെടിയുതിര്‍ത്തു. ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പതിനാറോ പതിനേഴോ വയസ്സു തോന്നിക്കുന്നവരാണ് കൊലപാതകം നടത്തിയതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. തലേദിവസം രാത്രിയും ഈ പ്രതികള്‍ ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടറെ ലക്ഷ്യം വച്ചുകൊണ്ടുള്ള ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വട്ടേഷന്‍ സംഘങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരും പറയുന്നത്. സമീപത്തെ സിസിടിവി ദ്യശ്യങ്ങള്‍ കേന്ദീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരുന്നു.