Site icon Newskerala

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; പലയിടങ്ങളിലും വിമതഭീഷണി ഒഴിയാതെ മുന്നണികൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോഴും വിമതശല്യത്തില്‍ നിന്ന് രക്ഷയില്ലാതെ മുന്നണികള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും മിക്കയിടങ്ങളിലും വിമത സ്ഥാനാര്‍ഥികള്‍ കാരണം പ്രചാരണം എവിടെയും എത്താത്ത അവസ്ഥയിലാണുള്ളത്. പതിവില്‍ നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം കോര്‍പറേഷന്‍ അടക്കം പലയിടങ്ങളിലും ഇത്തവണ സിപിഎമ്മിനും വിമത ഭീഷണിയുണ്ട്. ഉള്ളൂര്‍, ചെമ്പഴന്തി, കാച്ചാണി, വാഴോട്ട് കോണം, വിഴിഞ്ഞം എന്നീ ഡിവിഷനുകളിലാണ് ഇത്തവണ കോര്‍പറേഷനില്‍ എല്‍ഡിഎഫിന്റെ വിമത സ്ഥാനാര്‍ത്ഥികള്‍. ഉള്ളൂരില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും പാര്‍ട്ടി മുഖപത്രത്തിന്റെ മുന്‍ ബ്യൂറോ ചീഫുമായ ആയ കെ. ശ്രീകണ്ഠനാണ് വിമതനായി മത്സരിക്കുന്നത്. കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചല്‍ ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ പത്രിക നല്‍കിയ ഡിസിസി നിര്‍വാഹക സമിതി അംഗം പി.ബി വേണുഗോപാല്‍ പത്രിക പിന്‍വലിച്ചു. ഇളമ്പല്ലൂര്‍ പഞ്ചായത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം തന്നെ വിമതനായി മത്സരം രംഗത്തുണ്ട്. കൊല്ലം കോപ്പറേഷന്‍ കുരീപ്പുഴ വെസ്റ്റില്‍ കോണ്‍ഗ്രസിനും വടക്കേവിളയില്‍ ബിജെപിക്കും വിമത സ്ഥാനാര്‍ത്ഥികളുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കൊടുമണ്‍ ഡിവിഷനില്‍ യുഡിഎഫ് വിമതനായി പത്രിക നല്‍കിയ തട്ടയില്‍ ഹരികുമാറും, മുല്ലപ്പള്ളി ബ്ലോക്ക് പുന്നവേലി ഡിവിഷനില്‍ പത്രിക നല്‍കിയിരുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീല്‍ സാലിയും പത്രിക പിന്‍വലിച്ചു. മലപ്പുറം പൊന്നാനി നഗരസഭയില്‍ 53ാം വാര്‍ഡില്‍ ഒരു സിപിഎം നേതാവ് വിമതനായി തുടരും. 52ലും സിപിഎം വിമതന്‍ പിന്മാറിയിട്ടില്ല. പള്ളിക്കല്‍ പഞ്ചായത്തിലെ 7 യുഡിഎഫ് പ്രവര്‍ത്തകര്‍ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടും നിലവിലെ വാര്‍ഡ് മെമ്പര്‍ വിമത സ്ഥാനാര്‍ഥിയായി തുടരുകയാണ്. മലപ്പുറം തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് രണ്ട് ഡിവിഷനിലേക്ക് യൂത്ത് ലീഗ് നേതാക്കള്‍ പത്രി പിന്‍വലിച്ചു. കൊണ്ടോട്ടി നഗരസഭ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസിനെതിരെ ലീഗ് വിമതന്‍ മത്സരിക്കും. കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് ആറിടത്തും മുസ്‌ലിം ലീഗിന് രണ്ടിടത്തുമാണ് വിമത സ്ഥാനാര്‍ത്ഥികളുള്ളത്. ആലങ്ങാട്, കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പത്രിക തളളിയതും യുഡിഎഫിന് തിരിച്ചടിയായി. ചെറളായി ഡിവിഷനില്‍ ബിജെപിയുടെ ശ്യാമള എസ. പ്രഭു വിമതയായി മത്സരിക്കുന്നതും ബിഡിജെഎസുമായുളള തര്‍ക്കങ്ങളും എന്‍ഡിഎയ്ക്ക് വെല്ലുവിളിയാണ്. ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ മറ്റിടങ്ങളില്‍ സിപിഎം- സിപിഐ തര്‍ക്കമാണ് എല്‍ഡിഎഫിന് വിമത ഭീഷണി ഉയര്‍ത്തുന്നത്. കോട്ടയത്ത് കോണ്‍ഗ്രസില്‍ ഒന്‍പത് വിമതരര്‍ മത്സരരംഗത്തുണ്ട്. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരെ പ്രേം ജോസ് കൂരമറ്റമാണ് വിമതനായി മത്സരിക്കുന്നത്. എരുമേലി പഞ്ചായത്തില്‍ മൂന്നിടത്തും വിമതശല്യമുണ്ട്. ഈരാറ്റുപേട്ട ബ്ലോക്കിലാണ് മറ്റൊരു വിമത സ്ഥാനാര്‍ഥി. മുണ്ടക്കയത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനെതിരെ സിപിഎം വിമതന്‍ മത്സര രംഗത്തുണ്ട്. ഏറ്റുമാനൂര്‍ നഗരസഭയില്‍ 30 ആം വാര്‍ഡില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. ജയപ്രകാശിനെതിരെ സിപിഎം പ്രവര്‍ത്തകന്‍ വി.പി ബിനീഷും മത്സരിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനെതിരെ ഏഴിടത്തും എല്‍ഡിഎഫിനെതിരെ നാലിടത്തും ബിജെപിക്ക് ഒരു വിമത സ്ഥാനാര്‍ത്ഥിയുമുണ്ട്. ഇടുക്കി കട്ടപ്പനയില്‍ നാലിടത്തും കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കും. ആലപ്പുഴയില്‍ വിമതശല്യം മൂന്ന് മുന്നണികള്‍ക്കും ഭീഷണിയാണ്.

Exit mobile version