മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം; സൂര്യനും മഴക്കും ജാതിയും മതവുമില്ല: മമ്മൂട്ടി
മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്ന് നടന്‍ മമ്മൂട്ടി. കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മതേതരത്വം, മത സഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഏറ്റവും കൂടുതലായി സംസ്‌കാരത്തെ പറ്റി പറയുന്നത്. എന്നാല്‍ നമ്മള്‍ മനുഷ്യരെ വിശ്വസിക്കുകയല്ലേ കുറച്ചുകൂടി നല്ലത്. മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം.
മതങ്ങളെ വിശ്വസിക്കുന്നതില്‍ വിരോധമില്ല, പക്ഷേ പരസ്പരം നമ്മള്‍ വിശ്വസിക്കണം. നമ്മള്‍ പരസ്പരം ഒന്നിച്ച് ജീവിക്കേണ്ടവരാണ്. ഒരേ വായു ശ്വസിച്ച്, ഒരേ സൂര്യ വെളിച്ചത്തിന്റെ എനര്‍ജി കൊണ്ട് ജീവിക്കുന്നവരാണ്,’ മമ്മൂട്ടി പറയുന്നു.
സൂര്യനും വെളള്ളത്തിനും മഴക്കും മതവും ജാതിയുമില്ലെന്നും എന്നാല്‍ നമ്മളില്‍ ഇത് എല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. വേര്‍തിരിവുകള്‍ കണ്ടുപിടിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
‘ എല്ലാം മനുഷ്യ സ്‌നേഹത്തില്‍ തന്നെയാണ് അവസാനിക്കുന്നത്. ലോകം ഉണ്ടായ കാലം മുതല്‍ നമ്മള്‍ പറയുന്നത് സ്‌നേഹത്തെ പറ്റിയാണ്. മനുഷ്യന്റെ ഉള്ളില്‍ ഉള്ള ശത്രുവിനെ, നമ്മളുടെ ഉള്ളിലെ പൈശാചിക ഭാവത്തെ മാറ്റാനാണ് സ്‌നേഹം ഉണ്ടായത്.
ദേവഭാവത്തിലെത്തുമ്പോഴാണ് നിങ്ങള്‍ മനുഷ്യന് അപ്പുറത്തേക്ക് വളരുന്നത്. പക്ഷേ അപൂര്‍വം ചില ആളുകള്‍ക്കെ ഉള്ളു ആ സിദ്ധി. ലോകം മുഴുന്‍ അങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണ്. അങ്ങനെ നടക്കില്ല,’ മമ്മൂട്ടി പറഞ്ഞു.





