Site icon Newskerala

ദേശസ്നേഹികൾ എന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ സ്വന്തം രാജ്യത്തെ പൗരനെ ബംഗ്ലാദേശിയെന്ന് മുദ്രകുത്തി മർദിച്ചുകൊന്നു, അവരെ നിരോധിക്കണം: രാംനാരായണിന്റെ സഹോദരൻ

റായ്പ്പൂർ: ദേശസ്നേഹികൾ എന്ന് അവകാശപ്പെടുന്ന സംഘ്പരിവാർ സ്വന്തം രാജ്യത്തെ പൗരനെ ബംഗ്ലദേശിയെന്ന് മുദ്രകുത്തി മർദിച്ചുകൊന്നതായി പാലക്കാട് വാളയാറിൽ ബിജെപി- ആർഎസ്എസ് സംഘം കൊലപ്പെടുത്തിയ ഛത്തീസ്​ഗഢ് സ്വദേശി രാംനാരായൺ ബാ​ഗേലിന്റെ സഹോദരൻ ശശികാന്ത്. സംഘ്പരിവാർ എങ്ങനെയാണ് രാജ്യസ്നേഹികളാകുന്നതെന്നും ശശികാന്ത് ചോദിച്ചു. തന്റെ സഹോദരന് നീതി ലഭിക്കാൻ കേരള സർക്കാരിനോട് അഭ്യർഥിച്ചു. അതിനായി അവിടെയുള്ള സംഘടനകളുടെ സഹായത്തോടെ പ്രതിഷേധം നടത്തി. ജാതിയുടെയും മതത്തിന്റേയും പേരിൽ മനുഷ്യരെ മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇത്തരം സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിക്കണമെന്നും ശശികാന്ത് ആവശ്യപ്പെട്ടു. വീഡിയോയിലൂടെയാണ് ശശികാന്തിന്റെ പ്രതികരണം. ശശികാന്തിന്റെ പ്രതികരണത്തിന്റെ പൂർണരൂപം: ‘ഞാൻ ശശികാന്ത് ബാഗേൽ. ഛത്തീസ്ഗഡിലെ കർഹി സ്വദേശിയാണ്. എന്റെ സഹോദരനായ രാംനാരായൺ ബാഗേലിനെ ഡിസംബർ 17ന് സംഘ്പരിവാർ ഗുണ്ടകൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. എന്റെ സഹോദരന് നീതി ലഭിക്കാൻ കേരള സർക്കാരിനോട് അഭ്യർഥിച്ചു. അതിനായി അവിടെയുള്ള സംഘടനകളുടെ സഹായത്തോടെ പ്രതിഷേധം നടത്തി’. ‘തങ്ങൾ വലിയ രാജ്യസ്‌നേഹികളാണെന്നാണ് സംഘ്പരിവാർ അവകാശപ്പെടുന്നത്. അവരെങ്ങനെയാണ് രാജ്യസ്നേഹികളാകുന്നത്?. സ്വന്തം രാജ്യത്തെ പൗരന്മാരെ തന്നെ “ബംഗ്ലാദേശികൾ” എന്ന് മുദ്രകുത്തി മർദിക്കുകയും കൊലപ്പെടുത്തുകയുമാണ് അവർ ചെയ്യുന്നത്. ജാതിയുടെയും മതത്തിന്റേയും പേരിൽ മനുഷ്യരെ മർദിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇത്തരം സംഘടനകളെ കേന്ദ്ര സർക്കാർ നിരോധിക്കണം’. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ എട്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ത്രീകളടക്കം 15ലേറെ പ്രതികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രാംനാരായണിന്റെ കൊലപാതകത്തിൽ പ്രതിഷധം ശക്തമായതോടെ ആള്‍ക്കൂട്ട കൊലപാതകം, എസ്‌സി- എസ്ടി വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയല്‍ ഉള്‍പ്പെടെയുള്ള ​ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. പൊലീസിന്റെ അലംഭാവത്തെ തുടര്‍ന്ന് മറ്റു പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് സൂചനകള്‍. രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലാണ് തുക സംബന്ധിച്ച് ധാരണയായത്. വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്‍റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ബാ​ഗേൽ എന്ന 31കാരനെ മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന രക്തം വാര്‍ന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടുംക്രൂരതയുമാണ് ബാ​ഗേൽ നേരിട്ടത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് രാംനാരായണ്‍ പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. ചെറിയ മാനസിക പ്രശ്‌നങ്ങള്‍ രാംനാരായണിന് ഉണ്ടായിരുന്നു. അട്ടപ്പള്ളത്തെ തൊഴിലുറപ്പ് വനിതകള്‍ ആണ് രാംനാരായണിനെ ആദ്യം പ്രദേശത്ത് കാണുന്നത്. തുടര്‍ന്ന് സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവസികളായ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സംഘം ചേര്‍ന്ന് രാംനാരായണിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത് മര്‍ദിക്കുകയായിരുന്നു.

Exit mobile version