Site icon Newskerala

സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു, അമ്മയും മകനും കിണറ്റിൽ വീണു

പത്തനാപുരം: നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നു തെറിച്ച് അമ്മയും മകനും കിണറ്റിൽ വീണു. ഇരുവരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നിക്കോട് കോട്ടവട്ടം വട്ടപ്പാറ പള്ളിക്ക് സമീപമാണ് സംഭവം. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് കിണറ്റിലേക്ക് വീണത്. ഇട റോഡിലൂടെ അഞ്ജു സ്കൂട്ടർ ഓടിച്ചു വരുമ്പോൾ എതിരെ വന്ന മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട്, റോഡ് വശത്തെ താഴ്ചയിലുള്ള കിണറ്റിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടർ കിണറിന്റെ ഇരു തൂണു കളിലുമായി ഇടിച്ചു നിന്നെങ്കിലും അഞ്ജുവും മകനും കിണറ്റിൽ വീണു. കിണറിന്റെ ഇരുതൂണും തകർന്നിട്ടുണ്ട്. കിണറ്റിൽ കുടുങ്ങിയ അഞ്ജുവിനെയും മകനെയും സമീപത്തുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളായ ഷിബുവും ജോസഫും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളും സഹായിക്കാനെത്തി. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും സുഖം പ്രാപിച്ചുവരുന്നു. പത്തനാപുരം ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തി. മകനോടൊപ്പം വെഞ്ചേമ്പിലെ ഭർതൃ വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം.

Exit mobile version